
കൊച്ചി: മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകൾ തുറന്നതോടെ പെരിയാറിലേക്കുള്ള ജലപ്രവാഹം വർദ്ധിക്കുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ ശക്തമാക്കി. ഭൂതത്താൻകെട്ട്, മാട്ടുപ്പെട്ടി അണക്കെട്ടുകളോടൊപ്പം ഇടമലയാർ കൂടി തുറക്കുന്നതോടെ പെരിയാറിൽ കൂടുതൽ ജലം ഒഴുകിയെത്തും. മുൻകരുതലുകൾ സ്വീകരിച്ചതായി ജില്ലാ ദുരന്തനിവാരണ വിഭാഗം അറിയിച്ചു.
ആലുവ, പറവൂർ, കണയന്നൂർ, കോതമംഗലം, കുന്നത്തുനാട് താലൂക്കുകളിലെ പെരിയാറിന്റെയും കൈവഴികളുടെയും തീരത്ത് താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കും. ഇന്ന് വൈകിട്ടോടെ മാറ്റുന്ന നടപടികൾ പൂർത്തീകരിക്കും.
പെരിയാർ തീരമേഖലയിൽ മൈക്കിലൂടെ മുന്നറിയിപ്പ് നൽകും. ചൊവ്വാഴ്ച്ച അവധിയാണെങ്കിലും ദുരന്ത ലഘൂകരണവുമായി ബന്ധപ്പെട്ട ചുമതലകളുള്ള എല്ലാവരും പ്രവർത്തനരംഗത്തുണ്ടാകണമെന്നും നിർദേശിച്ചു. നേര്യമംഗലം മുതൽ പെരിയാറിലെ ജലനിരപ്പ് ജലസേചന വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. പൂയംകുട്ടി, തട്ടേക്കാട്, ഭൂതത്താൻകെട്ട്, മലയാറ്റൂർ, കാലടി, ആലുവ എന്നിവിടങ്ങളിലും ജലനിരപ്പ് അളക്കും. പൊലീസിന്റെയും ഫയർ ആൻഡ് റെസ്‌ക്യു സർവീസസിന്റെയും പട്രോളിംഗുമുണ്ടാകും.
ഇടുക്കി
വെള്ളമെത്തും
ഇടുക്കിയിൽ നിന്ന് ഇന്ന് 500 ക്യുമെക്‌സ് ജലം പുറത്തേയ്ക്ക് ഒഴുക്കും. ഇടമലയാറിൽ നിന്ന് രാവിലെ 10ന് 50 മുതൽ 100ക്യുമെക്‌സ് വരെ ജലമാണ് പെരിയാറിലേയ്ക്ക് ഒഴുക്കുന്നത്. കാലാവസ്ഥാ റിപ്പോർട്ട് പ്രകാരം ജില്ലയിൽ അടുത്ത മൂന്ന് ദിവസവും ഗ്രീൻ അലർട്ടാണ്. ഇന്നലെ വൈകിട്ട് മുതൽ 300ക്യുമെക്‌സ് നിരക്കിലാണ് വെള്ളം പുറന്തള്ളുന്നത്. ഇടുക്കിയിൽ നിന്ന് ഇടമലയാറിൽ നിന്നുമുള്ള ജലം ഭൂതത്താൻകെട്ട് ബാരേജ് പിന്നിട്ട് മലയാറ്റൂർ, കാലടി വഴി ആലുവ വഴി വേമ്പനാട് കായലിലേക്കൊഴുകും.
21അംഗ എൻ.ഡി.ആർ.എഫ് സംഘം ജില്ലയിലെത്തി. ആവശ്യമുള്ള സ്ഥലങ്ങളിൽ സേനയെ വിന്യസിക്കും. ദുരിതാശ്വാസ ക്യാമ്പുകൾ തുടരും. ജില്ല പൂർണ സജ്ജം.
ഉഷ ബിന്ദുമോൾ
ഡെപ്യൂട്ടി കളക്ടർ
ദുരന്തനിവാരണ വിഭാഗം