തൃക്കാക്കര: ഇരുചക്രവാഹനത്തിൽ കയറ്റിയത് 14,130 ടൺ മാലിന്യം, പാസഞ്ചർ ഇലക്ട്രിക് ഓട്ടോയിലാണെങ്കിലോ 16,500 ടൺ, തൃക്കാക്കര നഗരസഭയിലെ മാലിന്യനീക്കത്തിന്റെ ഫയലുകൾ പരിശോധിച്ച ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥർ ഞെട്ടിയിരിക്കുകയാണ്. 2020 ഡിസംബർ, 2021 ജനുവരി, ഫെബ്രുവരി, മാർച്ച് തുടങ്ങിയ മാസങ്ങളിൽ നഗരസഭയിൽ നിന്ന് മാലിന്യ നീക്കം സംബന്ധിച്ച ഫയലുകൾ പരിശോധിച്ച ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥരാണ് ക്രമക്കേട് കണ്ടെത്തിയത്.

നഗരസഭയുടെ വിവിധ വാർഡുകളിൽ നിന്ന് ഹരിതകർമ്മസേന ശേഖരിക്കുന്ന മാലിന്യം ബസ് സ്റ്റാൻഡിന് സമീപത്തെ പ്ലാന്റിലെത്തിച്ച് തരംതിരിച്ചശേഷം പ്ലാസ്റ്റിക് മാലിന്യം ടിപ്പറിൽ നിറച്ച് സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നതിന് 2020 ജൂൺ 25 നാണ് മലപ്പുറത്തെ എക്കോഗ്രീൻ കമ്പനിയുമായി നഗരസഭ കരാറിൽ ഏർപ്പെട്ടത്. 14 ടിപ്പർ ലോറികൾ നഗരസഭയുടെ മാലിന്യ സംസ്കരണ പദ്ധതിക്കായി ഉപയോഗിച്ചതായാണ് രേഖകളിൽ കാണുന്നത്. 14 വാഹനങ്ങളുടെയും നമ്പർ ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് മോട്ടോർ സൈക്കിളിന്റെയും ഓട്ടോറിക്ഷയുടെയും നമ്പറുകൾ ഉപയോഗിച്ച് മാലിന്യ സംസ്കരണം നടത്തിയതായി കാണിച്ച് 4,43,976 രൂപയുടെ ബില്ല് മാറിയെടുത്തെന്ന് കണ്ടെത്തിയത്. മാലിന്യം നീക്കം ചെയ്യുന്ന വാഹനങ്ങൾ വൈബ്രിഡ്ജിൽ വച്ച് തൂക്കി കൃത്യമായി അളവുകൾ രേഖപ്പെടുത്തി സൂക്ഷിക്കണമെന്ന നിബന്ധനയും പാലിക്കപ്പെട്ടില്ല.

# മരിച്ചവർക്കും പെൻഷൻ

തൃക്കാക്കര നഗരസഭയിൽ മരിച്ചവർക്കും പെൻഷൻ നൽകുന്നതായി ഓഡിറ്റ് വിഭാഗം കണ്ടെത്തിയതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ചു. കർഷക തൊഴിലാളി പെൻഷൻ- 315, വാർദ്ധക്യകാല പെൻഷൻ- 4083, വികലാംഗ പെൻഷൻ- 546, അൻപത് വയസ് കഴിഞ്ഞ അവിവാഹിതർ- 52,വിധവ- 2237 എന്നിങ്ങനെ ആകെ 7233 പേർക്കാണ് നഗരസഭയിൽ നിന്ന് ആനുകൂല്യങ്ങൾ നൽകുന്നത്.