കൊച്ചി: പത്തു രൂപ ഉൗണിലൂടെ പ്രശസ്തമായ കൊച്ചി കോർപ്പറേഷന്റെ 'സമൃദ്ധി' ഹോട്ടലിന്റെ അത്താഴവും ഹിറ്റ്. സമൃദ്ധിയിലെ അത്താഴത്തിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
ജൂലായ് 15 നാണ് സമൃദ്ധിയിൽ കുത്തരിക്കഞ്ഞി അത്താഴമായി നൽകാൻ തുടങ്ങിയത്. വ്യത്യസ്തമായ പുഴുക്കുകളാണ് പ്രധാന ആകർഷണം. പയറിന് ഒപ്പം തേങ്ങയും ഉള്ളിയും അരച്ചുചേർത്തതാണ് പുഴുക്ക്. ചേന, ചേമ്പ്, കായ, കാച്ചിൽ എന്നിങ്ങനെ ഓരോ ദിവസവും വ്യത്യസ്ത കിഴങ്ങുവർഗങ്ങളിലാണ് പോഷകസമൃദ്ധമായ പുഴുക്കുണ്ടാക്കുന്നത്. മുളകു ചുട്ടരച്ച തേങ്ങാച്ചമ്മന്തി, അച്ചാർ എന്നിവയുമുണ്ട് കഞ്ഞിക്കൊപ്പം. തിരക്കുള്ളവർക്ക് പാഴ്സൽ വാങ്ങാം. 30 രൂപയാണ് കഞ്ഞിയുടെ നിരക്ക്. ചപ്പാത്തിയും ചിക്കൻകറിയുമാണ് അത്താഴത്തിലെ മറ്റൊരു വിഭവം. നാലു ചപ്പാത്തിക്ക് 20 ഉം ചിക്കന് 30 രൂപയുമാണ് നിരക്ക്.
ഒൗഷധക്കഞ്ഞി കുടിക്കാം
വൈകിട്ട് 5.30 മുതൽ രാത്രി 9 വരെയാണ് അത്താഴ സമയമായി നിശ്ചയിച്ചിരുന്നത്. എന്നാൽ തിരക്കു മൂലം പലപ്പാേഴും രാത്രി 11 വരെ സമൃദ്ധി പ്രവർത്തിക്കും. രാവിലെ അഞ്ചിനുള്ള ഷിഫ്റ്റിലെത്തുന്ന ജീവനക്കാർ ഉച്ചയ്ക്ക് 12 ന് വീട്ടിലേക്ക് മടങ്ങും. വൈകിട്ട് നാലോടെ അവർ തിരിച്ചെത്തി അത്താഴത്തിന്റെ ജോലികൾ ഏറ്റെടുക്കും.
വെള്ളിയാഴ്ച മുതൽ അഞ്ചു ദിവസം ഒൗഷധക്കഞ്ഞി ലഭ്യമാകും.
ഷീബാലാൽ
ക്ഷേമകാര്യസ്ഥിരം സമിതി അദ്ധ്യക്ഷ
പൊതിച്ചോറ് വില്പന ഉഷാർ
പത്തു രൂപ ഉൗണിനു പുറമെ വെജ്, നോൺ വെജ് പൊതിച്ചോറുകളും ജനങ്ങൾ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് നടത്തിപ്പുകാരായ കുടുംബശ്രീ പ്രവർത്തകർ. അഞ്ഞൂറു പൊതിച്ചോർ വരെ വിൽക്കുന്ന ദിവസങ്ങളുണ്ട്. വെജിന് 60, നോൺ വെജ് 70 എന്നിങ്ങനെയാണ് നിരക്ക്.
പ്രഭാതഭക്ഷണത്തിനും തിരക്ക് വർദ്ധിച്ചു. ഇഡ്ഡലി, ഇടിയപ്പം, പൂരി, സാമ്പാർ എന്നിവ രാവിലെ ലഭിക്കും. ചമ്മന്തി, കിഴങ്ങ്, കടല, മുട്ട റോസ്റ്റ് തുടങ്ങിയവയാണ് കറികൾ. അടുത്തകാലത്ത് ചായയും നൽകിത്തുടങ്ങിയിട്ടുണ്ട്.