മൂവാറ്റുപുഴ: പായിപ്ര പ‌ഞ്ചായത്തിലെ പോയാലി മല അടക്കമുള്ള കുന്നുകൾ ഇടിച്ച് മണ്ണെടുക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ്. പോയാലി മല, എള്ളുമല, മൈക്രമല, ചാരപ്പാട്ടുമല, തൃക്കളത്തൂർ മല, എഴിമല, ചൂരക്കാട്ടുമല എന്നിവ മുതൽ മൊട്ടക്കുന്നുക്കുന്നുകളുൾപ്പടെ അനധികൃമായി ഭൂമാഫിയ ഇടിച്ചുനിരത്തുകയാണ്. ഇതിനെതിരെ മാനാറി ഭാവന ലൈബ്രറിയുടെ നേതൃത്വത്തിൽ നൽകിയ പരാതിക്കുള്ള മറുപടിയിലാണ് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഇക്കാര്യ വ്യക്തമാക്കിയത്.

കെട്ടിടം നിർമ്മിക്കുന്നതിന് മണ്ണ് നീക്കം ചെയ്യണമോയെന്നും എത്ര അളവിൽ നീക്കം ചെയ്യണമെന്നും തീരുമാനിക്കുന്നത് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പല്ലെന്നും തദ്ദേശ സ്വയംഭരണവകുപ്പാണെന്നും മറുപടിയിൽ വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അനുവദിച്ച ബിൽഡിംഗ് പെർമിറ്റിന്റെ അടിസ്ഥാനത്തിലാണ് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് സ്ഥല പരിശോധന നടത്തി നടപടി സ്വീകരിക്കുന്നത്. ബിൽഡിംഗ് പെർമിറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള അളവിൽ റോയൽറ്റി ഇൗടാക്കികൊണ്ടാണ് മണ്ണ് നീക്കം ചെയ്യുന്നതിനുള്ള ട്രാൻസിറ്റ് പാസുകൾ അനുവദിക്കുന്നത്. പാസുകൾ നൽകുന്നതിനുമുമ്പ് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊലീസ്, വില്ലേജ് ഓഫീസർ എന്നിവരെ അറിയിക്കും. പോയാലിമലയിൽ നിന്ന് മണ്ണ് നീക്കം ചെയ്യുന്നതിന് യാതൊരു അനുമതിയും നൽകിയിട്ടില്ല. വേണ്ടത്ര പഠനം നടത്താതെ കുന്നിന്റെ ചെരുവിൽ പായിപ്ര പഞ്ചായത്ത് അനുവദിച്ച ബിൽഡിംഗ് പെർമിറ്റിന്റെ മറവിലാണ് പോയാലി മലയിൽ അനധികൃത ഖനനം നടത്തിയിട്ടുള്ളത്. മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് സ്ഥലം പരിശോധന നടത്തി സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇവിടെ ഖനനമോ നിർമ്മാണപപ്രവർത്തനങ്ങളോ നടത്താൻ പാടില്ലെന്ന് ജില്ലാ കളക്ടറേയും ആർ.ഡി ഒയേയും പഞ്ചായത്ത് അധികൃതരേയും അറിയിച്ചിട്ടുണ്ട്. ടെക്നിക്കൽ എൻജിയനിയറെ പഠനം നടത്താനും നിർദ്ദേശിച്ചിട്ടുണ്ട് . എള്ളുമല, മൈക്രമല, ചാരപ്പാട്ടുമല, തൃക്കളത്തൂർ മല, എഴിമല, ചൂരക്കാട്ടുമല എന്നിവിടങ്ങളിൽ നിന്ന് മണ്ണെടുക്കുന്നതിനും അനുമതി നൽകിയിട്ടില്ലെന്നും ജിയോളജിസ്റ്റ് പ്രിയ മോഹനൻ പറ‌‌ഞ്ഞു.

അനധികൃ മണ്ണെടുപ്പ് മൂലം പോയാലി മലയുടെ ഒരുഭാഗം തകർന്നുവീണത് വലിയ വാർത്തയായപ്പോൾ ജിയോളജി വകുപ്പ് സ്ഥലത്തെത്തിയിരുന്നു.