കോലഞ്ചേരി: വ്യവസായവകുപ്പ്, സഹകരണ വകുപ്പ്, നോർക്ക എന്നിവയുടെ സഹകരണത്തോടെ കോലഞ്ചേരി ഏരിയ പ്രവാസി സഹകരണസംഘവും ബിസിനസ് കേരളയും സംയുക്തമായി നടത്തുന്ന മെഗാ ട്രേഡ് എക്സ്പോയുടെ ലോഗോ പ്രകാശിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ പ്രകാശനം നിർവഹിച്ചു. കേരള പ്രവാസിസംഘം സംസ്ഥാനസമിതി അംഗം എം.യു. അഷ്റഫ് അദ്ധ്യക്ഷനായി. വ്യവസായികളായ എൻ.എ. മുഹമ്മദ് കുട്ടി ഫാൽക്കൺ, എ.കെ. മൻസൂർ, ചിക്കിംഗ്സ്, നീൽകാന്ത് പരറാത്ത്, സംഘാടകസമിതി ജനറൽകൺവീനർ നിസാർ ഇബ്രാഹിം, കളമശേരി നഗരസഭാ കൗൺസിലർ റഫീഖ് മരക്കാർ, സംഘാടകസമിതി ഭാരവാഹികളായ റെജി ഇല്ലിക്കപ്പറമ്പിൽ, കെ. മൂസ, ഷിജു കരീം, കിഷിത ജോർജ്, പി.ആർ. കബീർ, പി.കെ. ഉസ്മാൻ, കെ.ഇ. അലിയാർ, അഡ്വ. മുജീബ് റഹ്മാൻ, ബിസിനസ് കേരള എം.ഡി ഇ.പി. നൗഷാദ്, ടി.ബി. നാസർ തുടങ്ങിയവർ സംസാരിച്ചു.
കേരളവികസനവും പ്രവാസികളുടെ ക്ഷേമവും ലക്ഷ്യമാക്കി നടക്കുന്ന എക്‌സ്‌പോ സെപ്തംബർ 21 മുതൽ 25വരെ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലാണ് നടക്കുന്നത്. സംസ്ഥാനത്തിന്റെ വ്യവസായിക പുരോഗതിയിൽ കൈത്താങ്ങാവുക എന്നതിനോടൊപ്പം പ്രവാസികളുടെ സഹകരണം ഉറപ്പാക്കുക എന്നതും വ്യവസായരംഗത്ത് വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് വ്യവസായവകുപ്പ് നടപ്പാക്കുന്ന ഒരുവർഷംകൊണ്ട് ഒരുലക്ഷം സംരംഭങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യം കൂടുതൽ ജനകീയമാക്കുക എന്നതുമാണ് എക്‌സ്‌പോയുടെ പ്രധാനലക്ഷ്യം. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നവർക്കും നിലവിലുള്ളവ കൂടുതൽ വികസിപ്പിക്കുന്നവർക്കും സഹായകരമാകുന്ന രീതിയിലാണ് എക്‌സ്‌പോയുടെ ക്രമീകരണം. ഇതിനായി മുഴുവൻ സർക്കാർ വകുപ്പുകളുടെയും സഹകരണ മേഖലയിലേതടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്.
വാഹനപ്രേമികൾക്കായി വെഹിക്കിൾ എക്‌സ്‌പോ, വിവാഹവുമായി ബന്ധപ്പെട്ട മുഴുവൻ ആവശ്യങ്ങളും ഒരു സ്റ്റാളിലൂടെ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന വെഡിംഗ് എക്‌സ്‌പോ, തൊഴിലന്വേഷകർക്ക് ആശ്വാസമാകുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന മെഗാ ജോബ്ഫെയർ എന്നിവ എക്‌സ്‌പോയെ ശ്രദ്ധേയമാക്കും.