കൊച്ചി: കൊച്ചി കോർപ്പറേഷനിലെ മൂന്ന് സ്‌കൂളുകളിൽ കൂടി അത്യാധുനിക സയൻസ്, കമ്പ്യൂട്ടർ ലാബുകൾ വരുന്നു. ലാബ് നിർമാണത്തിന് 2.5 കോടി രൂപയുടെ ജനകീയാസൂത്രണ ഫണ്ട് അനുവദിച്ചിട്ടുണ്ട്.
എറണാകുളം ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, വെണ്ണല ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ, മട്ടാഞ്ചേരി ഗേൾസ് ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലാണ് ലാബ് ഒരുക്കുന്നത്.
എറണാകുളം ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കും ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കും ഉപയോഗിക്കാവുന്ന ലാബാണ് സജ്ജമാക്കുന്നത്. ഇതിനായി ഒരു കോടി രൂപ ചെലവഴിക്കും. ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായാണ് ബാക്കി രണ്ട് സ്‌കൂളുകളിൽ പുതിയ ലാബുകൾ സജ്ജീകരിക്കുന്നത്. വെണ്ണല സ്‌കൂളിലെ ലാബിന് ഒരു കോടിയും മട്ടാഞ്ചേരി സ്കൂളിലേതിനായി 50 ലക്ഷം രൂപയും വീതം ചെലവാക്കും.
അടിസ്ഥാന സൗകര്യങ്ങൾ
ഒരുക്കും
നിലവിലെ ലാബുകളെക്കാൾ അത്യാധുനിക സൗകര്യങ്ങളുള്ളവ സജ്ജീകരിക്കുകയാണ് ലക്ഷ്യം. ലാബിനുള്ള കെട്ടിടം സ്കൂളുകളിലുണ്ട്. ഉപകരണങ്ങളും ഫർണിച്ചറുമാണ് ഇനി വാങ്ങാനുള്ളത്. ക്ലാസ് മുറി ലാബാക്കിമാറ്റുന്നതിന് ലൈറ്റ് സംവിധാനം ഉൾപ്പെടെയുള്ളവ കോർപ്പറേഷൻ ചെയ്തുകൊടുക്കും. ലാബ് നിർമ്മാണം ആരെ ഏല്പിക്കണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
വി.എ. ശ്രീജിത്ത്
വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ
ഉദ്ഘാടനത്തിന് ഒരുങ്ങി രണ്ടു ലാബുകൾ
ഫോർട്ടുകൊച്ചി എഡ്വേർഡ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലും ഇടപ്പള്ളി കുന്നുംപുറം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും കോർപ്പറേഷൻ ഒരുക്കിയ ലാബിന്റെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ജനകീയാസൂത്രണ ഫണ്ട് ഉപയോഗിച്ചായിരുന്നു നിർമ്മാണം. കേരള ആർട്ടിസാൻസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കാഡ്‌കോ) ആണ് രണ്ടും നിർമ്മിച്ചത്. അധികം വൈകാതെ ഉദ്ഘാടനമുണ്ടാകും.