
അങ്കമാലി: എം.സി.റോഡിൽ വേങ്ങൂർ ഭാഗത്ത് പലയിടത്തും കാനകൾക്ക് മുകളിൽ സ്ലാബ് ഇല്ലാത്തത് അപകടത്തിന് ഇടയാക്കുന്നു. കാനകൾ സ്ലാബിട്ട് മൂടണമെന്നനാട്ടുകാരുടെആവശ്യം അവഗണിക്കപ്പെടുകയാണ്.
വിദ്യാർത്ഥികളും ആരാധനാലയങ്ങളിലേക്കും പോകുന്നവരു അടക്കം നിരവധി പേരാണ് മൂടിയില്ലാത്ത കാനകൾ കാരണം ബുദ്ധിമുട്ടുന്നത്. എം.സി. റോഡിൽ പലയിടത്തും റോഡിനോട് ചേർന്ന് നിർമ്മിച്ച കാനകളിൽസ്ലാബ് ഇട്ടിട്ടില്ല. അതിനാൽ വാഹനങ്ങൾ വരുമ്പോൾ ഒതുങ്ങിനിൽക്കാനാവാതെ കാൽനടയാത്രക്കാർ ബുദ്ധിമുട്ടുകയാണ്. റോഡിരികിൽ നിർത്തുന്ന ബസുകളിൽ നിന്ന് ഇറങ്ങന്നവരും കാനയിൽ വീഴുമെന്ന അവസ്ഥയാണ്. ചിലയിടത്ത് കാനകൾക്ക് മുകളിലെ സ്ലാബുകൾ തകർന്നിട്ടുമുണ്ട്. സ്ലാബില്ലാത്ത കാനകളിൽ പുല്ല് വളർന്നുകഴിഞ്ഞു. ഇവിടെ കാൽനടക്കാർ വീഴുന്നതും പതിവാണ്. ഈ ഭാഗത്ത് വാഹനമിടിച്ച് കാനയിലേയ്ക്ക് തെറിച്ചുവീണ് അപകടമരണം വരെ സംഭവിച്ചിരുന്നു. കിടങ്ങൂർ കവലയിലും കാനയ്ക്ക് മുകളിലെ സ്ലാബുകൾ തകർന്നുകിടക്കുകയാണ്.
കെ.എസ്.ടി.പിയുടെ നേതൃത്വത്തിലാണ് റോഡ് നിർമ്മിച്ചത്. തിരക്കേറിയ ഭാഗത്ത് കാനകൾക്ക് മുകളിൽ സ്ലാബിടണമെന്ന നാട്ടുകാരുടെ ആവശ്യം കരാറുകാർ അവഗണിക്കുകയായിരുന്നു. കാനകളുടെ മുകളിലെ തകർന്ന സ്ലാബുകൾ മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിരവധിപേർ ഒപ്പിട്ട നിവേദനം നൽകിയിട്ടുണ്ട്.