കൊച്ചി: ദേശീയപാതയിലെ കുഴിയിൽവീണ് അജ്ഞാതവാഹനമിടിച്ചുമരിച്ച ഹോട്ടലുടമയുടെ മരണത്തിന് കാരണക്കാരായവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. അപകടത്തിൽ മരിച്ച അങ്കമാലി ബദരിയ ഹോട്ടൽ ഉടമ ഹാഷിം അനുസ്മരണയോഗത്തിലാണ് ആവശ്യം ഉയ‌ർന്നത്. ദേശീയപാതയിലെ അറ്റകുറ്റപ്പണി നടത്താത്ത ഉദ്യോഗസ്ഥർക്കെതിരെയും ഹാഷിമിന്റെ മരണത്തിന് കാരണമായ വാഹനവും ഉടനെ കണ്ടെത്തി കേസെടുക്കണം. ഹാഷിമിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിനാവശ്യമായ നടപടികളും സർക്കാർ കൈക്കൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ, എറണാകുളം ജില്ലാ പ്രസിഡന്റ് ടി.ജെ. മനോഹരൻ, ജില്ലാ സെക്രട്ടറി കെ.ടി. റഹിം, സംസ്ഥാന കമ്മിറ്റിഅംഗം കെ.പി. നാദിർഷ തുടങ്ങിയവർ സംസാരിച്ചു.