പെരുമ്പാവൂർ: 'റോഡോ മരണക്കിണറോ' എന്ന ചോദ്യമുയർത്തി പ്രതീകാത്മക പ്രതിഷേധവുമായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ആലുവ- മൂന്നാർ റോഡിൽ ഓടക്കാലി കവലയിലാണ് വ്യത്യസ്ത സമരമുറ അരങ്ങേറിയത്. തൊട്ടിയും കയറുമായി റോഡിലെ കുഴിയിൽ നിന്ന് വെള്ളം കോരി എം.എൽ.എ സമരം ഉദ്ഘാടനം ചെയ്തു.
പൊതുമരാമത്ത് വകുപ്പ് കുറുപ്പംപടി സെക്ഷന്റെ കീഴിൽ വരുന്ന ആലുവ-മൂന്നാർ റോഡിൽ ഇരിങ്ങോൾ മുതൽ ഓടക്കാലി വരെ ബി.എം. ബി.സി നിലവാരത്തിൽ അറ്റകുറ്റപ്പണി നടത്താൻ കരാറുകാരനെ ഏൽപ്പിച്ചിരുന്നു. റോഡിലെ പുനരുദ്ധാരണ പ്രവർത്തികൾ എത്രയും വേഗം തീർക്കാൻ എം.എൽ.എ ആവശ്യപ്പെട്ടു.
അശമന്നൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശേരി പ്രതിഷേധ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, ഒ.ദേവസി, ഡി.സി.സി ജനറൽ സെക്രട്ടറി വി.എം.ഹംസ, ബ്ലോക്ക് കോൺഗ്രസ് മണ്ഡലം പ്രസിഡന്റമാരായ കെ.പി. വർഗീസ്, ഷാജി സലിം, മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ, ജില്ലാ പഞ്ചായത്ത് അംഗം ഷൈമി വർഗീസ്, ബ്ലോക്ക് അംഗം എൻ.എം.സലിം, ലതാഞ്ജലി മുരുകൻ, പഞ്ചായത്ത് അംഗങ്ങളായ രഘുകുമാർ, അഡ്വ.ചിത്ര ചന്ദ്രൻ, കോൺഗ്രസ് നേതാക്കളായ തോമസ് പുല്ലൻ, വി.പി. സലിം, പി.എസ്. രാജൻ, അഗ്രോസ് പുല്ലൻ, ബിനോയ് അരിയിക്കൽ, സഫീർ മുഹമ്മദ്, അരുൺ ചാക്കപ്പൻ, ടി.ജി.സുനിൽ കുമാർ, ജെഫർ റോഡ്രിഗസ്, മുബാസ് ഓടക്കാലി തുടങ്ങിയവർ പങ്കെടുത്തു.