കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്ത് 15-ാം വാർഡിലെ നെടുചിറയ്ക്ക് മരണമണി മുഴങ്ങുന്നു. പുല്ലും പായലും ചെളിയും നിറഞ്ഞ് ചിറ നാശോന്മുഖമായിട്ട് നാളേറായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല.

ഒന്നര ഏക്കർ വ്യാസമുള്ള ചിറ മേഖലയിലെ വറ്റാത്ത ജല സ്രോതസുകളിൽ ഒന്നാണ്. നൂറിലധികം ഏക്കർ വരുന്ന കൃഷിയിടങ്ങളിലേക്ക് ജലസ്രോതസും നൂ​റ്റമ്പതോളം കുടുംബങ്ങളുടെ കുടിവെള്ള ഉപാധിയുമായിരുന്നു നെടുചിറ. എഴിപ്രം റോഡിനോടു ചേർന്നുള്ള ചിറയുടെ മൂന്നു വശങ്ങൾ കരിങ്കൽ കെട്ടി സംരക്ഷിച്ചിട്ടുണ്ടെങ്കിലും ചു​റ്റും കാടുവളർന്ന നിലയിലാണ്.

പുല്ലും ചെറുമരങ്ങളും വളർന്ന് ചിറയുടെ കരിങ്കൽകെട്ട് തകർന്നു തുടങ്ങിയിട്ടുണ്ട്. ചിറയിൽ നിന്ന് ജലസേചന സൗകര്യത്തിന് രണ്ടിടത്ത് തോടുണ്ടാക്കിയിട്ടുണ്ടെങ്കിലും നിലവിൽ ഉപയോഗപ്രദമല്ല. കുളിക്കാനും തുണി കഴുകാനുമായി സമീപവാസികൾ മുമ്പ് ചിറയെയാണ് ആശ്രയിച്ചിരുന്നത്. ചിറ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് തണൽ റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ പഞ്ചായത്തിനോട് ആവശ്യപ്പെട്ടെങ്കിലും നാളിതുവരെ നടപടിയുണ്ടായില്ല. 2019ൽ ചിറയുടെ ബാക്കിഭാഗംകൂടി കെട്ടി വൃത്തിയാക്കി ഉപയോഗപ്രദമാക്കാൻ വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ നടപടികൾ തുടങ്ങിയെങ്കിലും പൂർത്തിയായില്ല. ‌നേരത്തെ ഭൂജല സംരക്ഷണ വകുപ്പ് എസ്​റ്റിമേ​റ്റ് തയാറാക്കി സർക്കാരിന് സമർപ്പിച്ചിരുന്നതും പദ്ധതി ചുവപ്പ് നാടയിൽ കുടുങ്ങിക്കിടപ്പാണ്.