തൃക്കാക്കര: സീപോർട്ട് - എയർപോർട്ട് റോഡിലെ പാലത്തിന്റെ അപ്രോച്ച് റോഡിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് ഉയർന്ന നഷ്ടപരിഹാരം നൽകണമെന്ന ആവശ്യത്തിന് വഴങ്ങാത്തതിന് എറണാകുളം എ.ഡി.എം എസ്. ഷാജഹാൻ പണം നൽകാൻ സമ്മർദ്ദം ചെലുത്തിയതായി ലാൻഡ് റവന്യൂ കമ്മിഷണർക്ക് പരാതി നൽകിയതിന് പിന്നാലെ പുതിയ പരാതിയുമായി റവന്യൂ റിക്കവറി തഹസിൽദാർ വിനോദ് മുല്ലശേരി രംഗത്ത്.
തെളിവ് നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ എ.ഡി.എമ്മിന്റെ ക്യാബിനിലും പുറത്തുമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിനോദ് മുല്ലശേരി കളക്ടർക്ക് പരാതി നൽകി.
കേസുമായി ബന്ധപ്പെട്ട് ഷാജഹാൻ ഹിയറിങ് വിളിച്ച തിയതിയിലേതടക്കം അടക്കം എ.ഡി.എമ്മിന്റെ മുറിക്കുള്ളിലെയും പുറത്തെയും സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ,ശബ്ദവും ഉൾപ്പെടെ സംരക്ഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം. പ്രശ്നത്തിൽ അന്വേഷണം നടക്കുന്നതിനിടെ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കളക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു. അബ്ദുൽ ലത്തീഫ് എന്നയാളുടെ ഭൂമിക്ക് നിയമപരമായി 2.35 കോടി രൂപ മാത്രമേ നഷ്ടപരിഹാരം നൽകാൻ കഴിയൂളളുവെന്നും എന്നാൽ 4.06 കോടി രൂപ നൽകാൻ ഉന്നത ഉദ്യോഗസ്ഥൻ ഉൾപ്പെട്ട സംഘം തന്നോട് ആവശ്യപ്പെട്ടതായാണ് വിനോദ് മുല്ലശേരിയുടെ ആരോപണം. അതിന് വഴങ്ങാത്തതിന കളളക്കേസിൽ കുടുക്കി സ്ഥലംമാറ്റം ഉൾപ്പെടെ നടപടികൾ സ്വീകരിക്കുകയാണെന്നും എ.ഡി.എം നിരന്തരം അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിച്ച് ഉപദ്രവിക്കുകയാണെന്നും വിനോദ് മുല്ലശേരി പറയുന്നു.
അതേസമയം,
എ.ഡി.എമ്മിന്റെ പരാതിയിൽ റവന്യൂ റിക്കവറി തഹസിൽദാർ വിനോദ് മുല്ലശേരിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. തൃക്കാക്കര അസി.കമ്മീഷണർ പി.വിബേബിയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തുക.വിനോദ് മുല്ലശേരിയോട് ഇന്ന് ഹാജരാകാൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്. റവന്യൂ റിക്കവറി തഹസിൽദാർ വിനോദ് മുല്ലശേരി തന്നെ അപകീർത്തിപ്പെടുത്തുന്നതായി എറണാകുളം എ.ഡി.എം എസ്. ഷാജഹാൻ കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു.കളക്ടർക്ക് നൽകിയ പരാതി അദ്ദേഹം കമ്മീഷണർക്ക് കൈമാറുകയായിരുന്നു.