periyar
ഇന്നലെ വൈകുന്നേരം ആലുവ പെരിയാറിലെ ജലനിരപ്പ്

ആലുവ: ഇടുക്കി അണക്കെട്ട് തുറന്നതിനെത്തുടർന്ന് ആലുവയിൽ ജലനിരപ്പ് രണ്ടരഅടിയോളം വീണ്ടും ഉയർന്നതിനാൽ ആലുവ മഹാദേവ ക്ഷേത്രത്തിൽ തേവർക്ക് ആറാട്ട് നടന്നു. ഈവർഷം മൂന്നാംവട്ടമാണ് ആറാട്ട് ഉത്സവം നടക്കുന്നത്.

ഇന്നലെ രാവിലെ ആറോടെയാണ് ജലനിരപ്പ് ഉയർന്ന് തുടങ്ങിയത്. ഏഴോടെ ഭഗവാന് ആറാട്ട് നടന്നു. വൈകുന്നേരമായതോടെ ജലം മൂന്ന് അടിയോളം ഇറങ്ങുകയും ചെയ്തു. ഇടമലയാർ ഡാമും തുറന്നതിനാൽ രാത്രിയോടെ വീണ്ടും ജലനിരപ്പ് കൂടാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന് അധികൃതർ പറഞ്ഞു. ഡാമുകൾ തുറന്നെങ്കിലും മഴ മാറിനിന്നതാണ് തീരദേശവാസികളെ പ്രളയത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്.

ആഗസ്റ്റ് 2,3 തീയതികളിൽ പെരിയാറിലെ ജലനിരപ്പ് 10 അടിയോളം ഉയർന്നിരുന്നു. ഇടമലയാറിലെ വെള്ളം രാത്രിയോടെ ഒഴുകിയെത്തിയാലും ആഗസ്റ്റ് ആദ്യവാരത്തിലെ പോലെ ജലനിരപ്പ് ഉയരാനിടയില്ലെന്നാണ് വിലയിരുത്തൽ.