മൂവാറ്റുപുഴ: കേരള വാട്ടർ അതോറിറ്റിയുടെ ക്വാളിറ്റി കൺട്രോൾ സബ് ഡിസ്ട്രിക്ട് ലാബ് മൂവാറ്റുപുഴയിൽ പ്രവർത്തനമാരംഭിച്ചു. വാട്ടർ അതോറിറ്റി ഓഫീസ് കോംപൗണ്ടിനുള്ളിൽ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായിട്ടാണ് ലാബ് പ്രവർത്തിക്കുന്നത്.

എൻ.എ.ബി.എൽ അംഗീകാരമുള്ള ലാബിൽ ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ആധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്കൂളുകൾ, ഹോട്ടലുകൾ, വീടുകൾ എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന വെള്ളമാണ് പരിശോധിക്കേണ്ടത്. രാസ, ഭൗതിക പരിശോധനകൾക്കായി രണ്ട് ലിറ്ററിന്റെ "പുതിയ വെളുത്ത കാനിലും ബാക്ടീരിയോളജി പരിശോധനയ്ക്കായി അണുവിമുക്തമാക്കിയ 200 എം.എലിന്റെ ബോട്ടിലിലും (പുതിയ ഫീഡിങ് ബോട്ടിൽ ) വെള്ളം എത്തിക്കണം. ഓൺലൈനായി ഫീസ് അടയ്ക്കണം. അക്ഷയ കേന്ദ്രം വഴിയും മൊബൈൽ വഴിയും ഫീസ് അടയ്ക്കാം. www.qpay.Kwa.Kerala.gov.in എന്ന പോർട്ടൽ വഴി ഫീസ് അടച്ച രസീതും വെള്ളത്തിനൊപ്പം കൊണ്ടുവരേണ്ടതാണ്. ഗാർഹിക പരിശോധന-250-850 രൂപ, ലൈസൻസ് സംബന്ധമായ ജല പരിശോധന-3300 എന്നിങ്ങനെയാണ് ചാർജ്. എല്ലാ ദിവസവും രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെയാണ് പരിശോധനാ സമയം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ - 0484-2623576, 8547638170.