മൂവാറ്റുപുഴ: പുഴക്കരക്കാവ് ദേവി ക്ഷേത്രക്കടവിനും രാമമംഗലം ശിവക്ഷേത്രക്കടവിനും ഇടയിലായി പുഴയോരത്ത് നിന്നിരുന്ന മരമുത്തശ്ശി നിലംപൊത്തി. ഇതോടെ മൂവാറ്റുപുഴയിലെ പുഴയോരനടപ്പാതയിലെത്തിയിരുന്ന സന്ദർശകർക്ക് കൗതുകകാഴ്ച നഷ്ടമായി.

ഒരുനൂറ്റാണ്ടിലേറെ പഴക്കമുള്ളതായി പറയപ്പെടുന്ന ചീനി എന്ന മരമുത്തശ്ശി ഏതാനും ദിവസം മുമ്പുണ്ടായ വെള്ളപ്പൊക്കത്തിലാണ് ചുവടറ്റ് വീണത്. ഇതോടെ നിരവധി പേരുടെ തണൽമരം നഷ്ടമായി. പുഴയോര നടപ്പാതയ്ക്ക്കുറുകെ തൊടുപുഴയാറിന് മദ്ധ്യഭാഗത്തെത്തുംവിധമാണ് മുത്തശ്ശിമരം മറിഞ്ഞുകിടക്കുന്നത്. ഇത് മാർഗതടസം സൃഷ്ടിക്കുന്നുണ്ട്. നടപ്പാതയിലെത്തുന്നവരുടെ വഴിമുടക്കുകയും പുഴയൊഴുക്കിന് തടസം സൃഷ്ടിക്കുകയും ചെയ്യുന്ന മരം അടിയന്തരമായി മുറിച്ചുനീക്കണമെന്നാണ് ആവശ്യം. ഏകദേശം 20-25 അടിയോളം ചുറ്റളവ് വരും വൃക്ഷത്തിന്. മരംവീണ ഭാഗത്തെ പുഴയോരനടപ്പാതയുടെ കൈവരി തകർന്നുപോയിട്ടുള്ളതും അപകടസാദ്ധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്.