കൊച്ചി: കൊച്ചി നഗരത്തിലെ കാമറ വ്യാപാരസ്ഥാപനത്തിന്റെ ഷട്ടർ കുത്തിപ്പൊളിച്ച് നൂറോളം ഡിജിറ്റൽകാമറയും മറ്റ് അനുബന്ധ ഉപകരണങ്ങളും കവർന്ന കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മൂന്നുപേർക്കായി അന്വേഷണം ഊർജിതമാക്കി.
ഈ മാസം നാലിന് പുലർച്ചെ രണ്ടരയോടെയാണ് എം.ജി റോഡിലെ കാമറ വ്യാപാരസ്ഥാപനത്തിൽ കവർച്ച നടന്നത്. സ്ഥാപനത്തിന്റെ കിഴക്കുവശത്തെ ഇരുമ്പുഷട്ടറിന് സെൻട്രലൈസ്ഡ് ലോക്കിംഗ് സംവിധാനമാണ്. അതിനാൽ കടയുടെ വടക്കേഷട്ടറിന്റെ പൂട്ടുപൊളിച്ചശേഷം ചില്ലുപാളി അർദ്ധ വൃത്താകൃതിയിൽ മുറിച്ചുമാറ്റിയാണ് മോഷ്ടാക്കൾ അകത്തുകടന്നത്. കടയിൽ അറ്റകുറ്റപ്പണിക്കായി ചെറുതും വലുതുമായി 253 ഓളം പഴയ ചെറിയ കാമറകൾ ഉണ്ടായിരുന്നതായും ഇവ മോഷണം പോയതായുമാണ് കടയിലെ ജീവനക്കാരന്റെ മൊഴി. സ്‌പെയർപാർട്‌സ് കിട്ടാത്തതിനാൽ ആൾക്കാർ തിരികെയടുക്കാതെ വർഷങ്ങളായി ഇവിടെ സൂക്ഷിച്ചിരുന്ന കാറകളും ഇതിലുൾപ്പെടും. മേശവലിപ്പിൽനിന്ന് പതിനായിരംരൂപ കവർന്നു. കടയുടെ ഉൾവശത്തുണ്ടായിരുന്ന സി.സി ടിവി കാമറയുടെ മെമ്മറികാർഡ് കൈവശപ്പെടുത്തിയാണ് പ്രതികൾ കടന്നത്.
പ്രതികൾ കാമറ വിൽക്കാൻ ഏൽപ്പിച്ചയാളെയാണ് പൊലീസ് ആദ്യം പിടികൂടിയത്. ഇയാൾ ആലപ്പുഴ സ്വദേശിയെന്നാണ് സൂചന. ഇയാളിൽ നിന്ന് മറ്റൊരു പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. പിടിയിലായ പ്രതികളിൽനിന്ന് 30 കാമറയും 20ലധികം ലെൻസും ഫ്ലാഷുമെല്ലാം കണ്ടെടുത്തിട്ടുണ്ട്. ശേഷിക്കുന്ന കാമറകൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. പ്രതികളെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.