
കൊച്ചി: കോടതിയുടെയും ജില്ലാ കളക്ടറുടെയും ഉത്തരവുകൾക്ക് പിന്നാലെ ജില്ലയിലെ ചുരുക്കം ചിലയിടങ്ങളിൽ കുഴികളടയ്ക്കൽ ആരംഭിച്ചെങ്കിലും ചെയ്യുന്നതാകെയും ആശാസ്ത്രീയ നടപടികൾ. മഴപെയ്താൽ ദിവസങ്ങൾക്കുള്ളിൽ പൊളിയുന്ന റെഡിമിക്‌സ് മിശ്രിതം ഉപയോഗിച്ചാ പലയിടങ്ങളിലും കുഴിയടയ്ക്കുന്നത്.
ടാറും മെറ്റലും കൂട്ടിക്കലർത്തിയതാണ് റെഡിമിക്‌സ് മിശ്രിതം. 25 കിലോയുടെ ചാക്കൊന്നിന് 400രൂപ വിലയുള്ള മിശ്രിതം ബി.പി.സിഎല്ലും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും നിർമ്മിക്കുന്നുണ്ട്. ചാക്കുകണക്കിന് റെഡിമിക്‌സ് മിശ്രിതം ലോറിയിലെത്തിച്ച് കുഴികളിൽ നിറച്ച് മൺവെട്ടി, കൈക്കോട്ട് എന്നിവ ഉപയോഗിച്ച് ഇടിച്ച് ഉറപ്പിക്കുകയാണിപ്പോൾ. ഒരു ചാക്ക് മിശ്രിതം കൊണ്ട് ഒരു വലിയ കുഴി അടയ്ക്കാനേ സാധിക്കൂ. ശക്തമായ മഴയിൽ ഇത് പൊളിഞ്ഞ് റോഡിൽ നിരക്കും. അപകടസാദ്ധ്യത പഴയപടി നിലനിൽക്കും.
നിരവധി കുഴികളുള്ള റോഡ് ജി.എസ്.ബി വെറ്റ്മിക്‌സ് ഉപയോഗിച്ച് നികത്തുകയാണ് മറ്റൊരു മാർഗം. മെറ്റലും പാറപ്പൊടിയും ചേർന്ന വെറ്റ്മിക്‌സ് അതിവേഗം ഇളകിത്തെറിക്കും. വലിയ കുഴികളിൽ അടിഭാഗത്ത് പ്രത്യേകം മെറ്റൽ നിറച്ചതിനു ശേഷമാണ് വെറ്റ്മിക്‌സിടുന്നത്. ഇതിനും ഒരാഴ്ചത്തെ ആയുസ്‌പോലുമുണ്ടാകില്ല. അതിനിടെ ഉത്തരവുകൾ വന്ന് രണ്ട് ദിവസമായിട്ടും അറ്റകുറ്റപ്പണികൾ നടത്തേണ്ട പല റോഡുകളുടെയും കണക്കെടുപ്പുമായിട്ടില്ല.
സബ്കളക്ടർ സന്ദർശിച്ചു
പ്രവർത്തികൾ വിലയിരുത്തുന്നതിനായി സബ് കളക്ടർ പി. വിഷ്ണുരാജിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഉച്ചയ്ക്ക് ശേഷം ദേശീയപാത- 47ൽ കറുകുറ്റി മുതൽ പരിശോധന നടത്തി. കരിയാംപറമ്പ്, കറുകുറ്റി, കരിയാട് എന്നിവിടങ്ങളിലായിരുന്നു പരിശോധന. തഹസിൽദാരും പി.ഡബ്ല്യു.ഡി എ.എക്‌സ്.ഇമാരും പ്രൊജക്ട് ഡയറക്ടറും നാഷണൽ ഹൈവേ അതോറിട്ടി അധികൃതരും കളക്ടർക്കൊപ്പമുണ്ടായിരുന്നു.