
കൊച്ചി: ഇടമലയാർ ഡാമിന്റെ നാലു ഷട്ടറുകളും തുറന്നു. ഡാമിൽ നിന്ന് പുറത്തേക്കൊഴുക്കുന്ന ജലത്തിന്റെ അളവ് 350ക്യുമെക്സായി വർദ്ധിപ്പിച്ചു. വൈകിട്ട് അഞ്ചിന് രണ്ട്, മൂന്ന് ഷട്ടറുകൾ 100സെന്റിമീറ്ററും ഒന്ന്, നാല് ഷട്ടറുകൾ 75സെന്റീമിറ്ററും ഉയർത്തിയാണ് 250ക്യുമെക്സ് ജലം അധികമായി പുറത്തേക്കൊഴുക്കുന്നത്. നേരത്തേ 200ക്യുമെക്സ് ജലം ഒഴുക്കി കളഞ്ഞതിനു ശേഷവും ഡാമിലെ ജലനിരപ്പ് താഴാതിരുന്നതിനേ തുടർന്നാണ് പുറത്തേക്കൊഴുക്കുന്ന ജലത്തിന്റെ അളവ് വൈകിട്ടോടെ വർദ്ധിപ്പിച്ചത്.
ഇന്നലെ രാവിലെ 10നാണ് രണ്ട് ഷട്ടറുകൾ 50 സെന്റീമീറ്റർ വീതം ഉയർത്തിയത്. ജില്ലാ കളക്ടർ ഡോ. രേണു രാജും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ഉദ്യോഗസ്ഥരും ആന്റണി ജോൺ എം.എൽ.എയും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമായിരുന്നു ഡാം തുറക്കൽ. ആദ്യഘട്ടത്തിൽ സെക്കൻഡിൽ 67ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്.
ഉച്ചയോടെ അളവ് 100ക്യുമെക്സ് ആക്കി. ഇടുക്കി ഡാമിൽ നിന്നുള്ള ജലവും പെരിയാറിലെത്തിയെങ്കിലും ജലനിരപ്പ് സാരമായി ഉയർന്നില്ല. മാർത്താണ്ഡവർമ്മപാലം, മംഗലപ്പുഴ, കാലടി സ്റ്റേഷനുകളിൽ ഉച്ചയ്ക്ക് രണ്ടിനു ശേഷം ജലനിരപ്പ് ഉയർന്നിട്ടില്ല. പെരിയാറിൽ എല്ലാ സ്ഥലങ്ങളിലും ജലനിരപ്പ് അപകട നിലയ്ക്കു താഴെയാണ്. ചെറുതോണി അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളവും വൈകിട്ടോടെ ജില്ലയിൽ ഒഴുകിയെത്തുമെങ്കിലും ആശങ്കയ്ക്കിടമില്ല. ഉച്ചയ്ക്ക് 12മുതൽ 1,600നും 1,700നുമിടയിൽ ക്യുമെക്‌സ് വെള്ളമാണ് ഭൂതത്താൻകെട്ട് ബാരേജിൽ നിന്ന് പുറത്തേക്കൊഴുക്കുന്നത്. പെരിയാറിലെ ജലനിരപ്പ് ഉയർന്നിട്ടില്ലെങ്കിലും നദിയിലും കൈ വഴികളിലും ഇറങ്ങരുതെന്ന് കളക്ടർ ഡോ. രേണുരാജ് നിർദേശിച്ചു.