കൊച്ചി: ഓക്സിജന്റെ സഹായത്തോടെ ജീവിക്കുന്ന 87വയസുള്ള വയോധിക മാത്രമുള്ള വീട്ടിൽ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ച ജലഅതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ജലഅതോറിറ്റി മാനേജിംഗ് ഡയറക്ടർക്കാണ് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവ് നൽകിയത്. ഇടപ്പള്ളി സ്വദേശി ഷാജി പി. മാത്യുവിന്റെ പരാതിയിലാണ് നടപടി. നടപടികൾ നാലാഴ്ചയ്ക്കകം അറിയിക്കണമെന്നും കമ്മീഷൻ വ്യക്തമാക്കി.
പ്രായമുള്ള രോഗിയായ ഒരു സ്ത്രീ മാത്രമാണ് വീട്ടിലുള്ളതെന്നറിഞ്ഞിട്ടും അവർക്കുള്ള ഏക ജലസ്രോതസായ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ച നടപടി തിടുക്കത്തിലുള്ളതാണെന്നും കമ്മീഷൻ നിരീക്ഷിച്ചു. അവസാനമാർഗമെന്ന നിലയിൽ മാത്രമാണ് കണക്ഷൻ വിച്ഛേദിക്കേണ്ടതെന്ന് നിയമത്തിലുള്ളപ്പോൾ നിയമങ്ങളും ചട്ടങ്ങളും ഉപയോഗിച്ച് ഉപഭോക്താക്കളെ പീഡിപ്പിക്കുന്നത് ശരിയല്ലെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു. 2021ഫെബ്രുവരി 18നാണ് പരാതിക്കാരന്റെ വീട്ടിലെ കുടിവെള്ള കണക്ഷൻ യാതൊരു മുന്നറിയിപ്പും കൂടാതെ കലൂർ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറുടെ ഓഫീസിൽ നിന്നെത്തിയ ജീവനക്കാർ വിച്ഛേദിച്ചത്.
ഈ സമയത്ത് പരാതിക്കാരൻ പാലക്കാടായിരുന്നു. 87 വയസുള്ള മാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പരാതിക്കാരന് ലഭിച്ച ബിൽ അനുസരിച്ച് 4,286 രൂപയാണ് അടയ്ക്കാനുണ്ടായിരുന്നത്. 2021ജനുവരി 12ന് നൽകിയ ബിൽ അനുസരിച്ച് കണക്ഷൻ വിച്ഛേദിക്കുന്ന തീയതി ഫെബ്രുവരി 21 ആയിരുന്നു. എന്നാൽ ഫെബ്രുവരി 18നാണ് കണക്ഷൻ വിച്ഛേദിച്ചത്. അതേസമയം 2019ഡിസംബർവരെ മാത്രമാണ് പരാതിക്കാരൻ ബിൽ അടച്ചതെന്ന് ചീഫ്എൻജിനിയർ കമ്മീഷനെ അറിയിച്ചു. എന്നാൽ, ഇത്തരത്തിൽ ഒരു കുടിശികബില്ലും തനിക്ക് ലഭിച്ചിട്ടില്ലെന്ന് പരാതിക്കാരനും അറിയിച്ചു.