മൂവാറ്റുപുഴ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിന് എല്ലാ ഗ്രന്ഥശാലകളിലും വിപുലമായ ഒരുക്കങ്ങൾ നടന്നുവരുന്നതായി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ,സെക്രട്ടറി സി.കെ. ഉണ്ണി എന്നിവർ അറിയിച്ചു. രാവിലെ ദേശീയ പതാക ഉയർത്തി ഭരണഘടനയുടെ ആമുഖം വായിക്കും. ഭരണഘടനയെ സംരക്ഷിക്കുമെന്ന് ഗ്രന്ഥശാലാ പ്രവർത്തകർ പ്രതിജ്ഞയെടുക്കും. 15മുതൽ ഗ്രന്ഥശാലാ ദിനമായ സെപ്തംബർ 14വരെ വിവിധ വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിക്കും. ജനാധിപത്യവും ഭരണഘടനയും നേരിടുന്ന വെല്ളുവിളികളാണ് പ്രധാനവിഷയം. താലൂക്കിലെ 65 ഗ്രന്ഥശാലകളിലും സെമിനാർ നടക്കും.

വായന വസന്തം പദ്ധതിയുടെ ഭാഗമായി ഒരു ഗ്രന്ഥശാലയിൽ 4 വീട്ടുമുറ്റ വായനക്കൂട്ടങ്ങൾ സംഘടിപ്പിക്കും. വായനയുടെ സന്ദേശം വനിതകളിൽ എത്തിക്കുന്നതോടൊപ്പം ആധുനികകേരളം രൂപപ്പെടുത്തുന്നതിൽ നവോത്ഥാന പ്രസ്ഥാനത്തോടൊപ്പം ഗ്രന്ഥശാലകൾ വഹിച്ച പങ്ക് ജനങ്ങളിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളതെന്ന് ഭാരവാഹികൾ പറഞ്ഞു.