
കളമശേരി: നഗരസഭാ ചെയർമാൻ എ.ഡി. സുജിലിന്റെ നേതൃത്വത്തിൽ നഗരസഭയിലെ കണ്ടിജൻസി ജീവനക്കാർ ചേർന്ന് ഏലൂർ പാതാളം ജംഗ്ഷനിലെ കുഴികൾ മണ്ണ് അടച്ചു പോയി നേരം വെളുത്തപ്പോഴേക്കും റോഡിലെ കുഴി തഥൈവ. സംഭവം വിവാദമായതോടെ വാട്ടർ അതോറിട്ടിയുടെ നേതൃത്വത്തിൽ വീണ്ടും കുഴി കോൺക്രീറ്റ് ചെയ്തു.
ചെയർമാൻ കുഴിയടക്കുന്ന വിവരം അറയിച്ചില്ലെന്നും മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ വാട്ടർ അതോറിട്ടിയുമായി ബന്ധുപ്പെടുത്തി റോഡ് അറ്റകുറ്റപ്പണി നടത്താമായിരുന്നെന്ന് വർഡ് കൗൺസിലറും പ്രതിപക്ഷ നേതാവുമായ പി.എം അയൂബ് പറഞ്ഞു. മാസങ്ങൾക്കു മുമ്പാണ് പാതാളം ജംഗ്ഷനിൽ പൈപ്പ് പൊട്ടിയപ്പോൾ വാട്ടർ അതോറിട്ടി റോഡ് വെട്ടിപ്പൊളിച്ചത്. പണം അടയ്ക്കാത്തതിനാലാണ് പി.ഡബ്ളിയു ഡിപ്പാർട്ട്മെന്റ് കുഴി മൂടാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പാതാളം മുതൽ ഏലൂർ വടക്കുംഭാഗം വരെ റോഡിലെ കുഴികൾ മൂടിയെന്ന് ചെയർമാൻ അറിയിച്ചെങ്കിലും പാതാളം മുതൽ ടി.സി.സി കമ്പനി വരെ റോഡിൽ വൻകുഴികൾ അപകട ഭീഷണിയായി തുടരുകയാണ്. പൈപ്പ് ലൈൻ വലിക്കുന്നതിന് റോഡ് വെട്ടിപൊളിച്ചതാണ് വൻ കുഴികൾക്ക് കാരണം. ഇവിടെ അപകടവും പതിവാണ്.