medicine

കൊച്ചി: ജില്ലയിലെ സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം പരിഹരിക്കുമെന്ന ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഉറപ്പ് പാഴ്‌വാക്കായി. സർക്കാർ ജനറൽ ആശുപത്രികൾ ഉൾപ്പെടെയുള്ളയിടങ്ങളിൽ രൂക്ഷമായ മരുന്നുക്ഷാമം തുടരുന്നു. പനിയും മറ്റ് പകർച്ചവ്യാധികളും പകരുന്നതിനിടെയാണ് സുപ്രധാന മരുന്നുകൾ പോലും ഇല്ലാത്ത അവസ്ഥ.

മരുന്നുക്ഷാമം സംബന്ധിച്ച് ആഗസ്റ്റ് 28ലെ കേരളകൗമുദി വാർത്തയെത്തുടർന്ന് പ്രശ്‌നം ഉടൻ പരിഹരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ആശുപത്രികളിൽ പരിശോധന നടത്തുമെന്നും മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ നിന്ന് വിശദീകരണം തേടുമെന്നുമെല്ലാം അറിയിച്ചെങ്കിലും ഒന്നും നടന്നില്ല. മരുന്നുക്ഷാമം അനുദിനം വർദ്ധിക്കുകയും ചെയ്തു. ഐ.വി പാരസെറ്റാമോൾ ഉൾപ്പെടെ പുറത്ത് നിന്ന് വാങ്ങി നൽകാനാണ് ആശുപത്രികൾ ഇപ്പോഴും നിർദേശിക്കുന്നത്.

ജീവൻരക്ഷാ മരുന്നായി ഉപയോഗിക്കുന്നതും അത്യാഹിത വിഭാഗങ്ങളിലും ഐ.സി.യുവിലും അടക്കം ഒഴിവാക്കാനാകാത്തതുമായ മരുന്നുകളായ അഡ്രിനാലിനും നോർ അഡ്രിനാലിനും ഒരിടത്തുമില്ല. അടിയന്തരഘട്ടത്തിൽ പലയിടത്തും ഇതും പുറത്തുനിന്ന് വാങ്ങിപ്പിക്കുകയാണ്.

ഇനിയും വൈകും...
ഡിസംബറിൽ ടെൻഡർ നടപടികൾ ആരംഭിച്ച് ഏപ്രിൽ മുതൽ മരുന്നുകൾ എത്തിത്തുടങ്ങേണ്ടതായിരുന്നു. എന്നാൽ ഇത്തവണ ടെൻഡർ തുടങ്ങിയത് പോലും ജൂൺ അവസാനമാണ്. ഈ നടപടികൾ പൂർത്തീകരിച്ച് മരുന്ന് വിതരണം ആരംഭിക്കാൻ ഇനിയും കാലതാമസമെടുക്കും. അധികം രോഗികളില്ലാതിരുന്ന ആശുപത്രികളിൽ നിന്ന് മരുന്ന് എത്തിക്കാനുള്ള ശ്രമം നടന്നെങ്കിലും അതും വിജയം കണ്ടില്ല.

ജില്ലാ ജനറൽ ആശുപത്രി, കരുവേലിപ്പടി മഹാരാജാസ്, പറവൂർ താലൂക്ക് ആശുപത്രി തുടങ്ങിയ ഇടങ്ങളിലെല്ലാം മരുന്നുക്ഷാമമുണ്ട്. കരുവേലിപ്പടിയിൽ കിടത്തിച്ചികിത്സ പോലും കുറച്ചു.

 ക്ഷാമമില്ലെന്ന് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
മരുന്നുക്ഷാമം രൂക്ഷമാകുമ്പോഴും മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ജില്ലയിലൊരിടത്തും മരുന്ന് ക്ഷാമമില്ലെന്നാണ് അവരുടെ പക്ഷം.

 മെഡിക്കൽ സ്‌റ്റോറുകളിൽ തിരക്ക്

എറണാകുളം ജനറൽ ആശുപത്രിയുടെ ചുറ്റോടുചുറ്റുമായി ഏഴ് മെഡിക്കൽ സ്‌റ്റോറുകളാണ് ഉള്ളത്.ഇവിടങ്ങളിലെല്ലാം ദിവസവും നിരവധിപ്പേരാണ് മരുന്നുകൾ വാങ്ങാനെത്തുന്നത്. ജനറൽ ആശുപത്രിയിൽ നിന്നുള്ള കുറിപ്പുമായി നൂറോളംപേർവരെ എത്തിയ ദിവസങ്ങളുണ്ടെന്നും മെഡിക്കൽഷോപ്പുകാർ പറയുന്നു.

 ക്ഷാമം തുടരുന്ന മരുന്നുകൾ
അമോക്സിലിൻ സിറപ്പ്, അറ്റോർവാസ്റ്റാറ്റിൻ, അസ്താലിൻ സിറപ്പ് (സാൽബൂറ്റമോൾ), അസത്രോമൈസിൻ സിറപ്പ്,
സൊറേഷ്യോ പെപ്റ്റിഡെയ്സ്,
സക്ലോപാം ഗുളിക

 ആന്റി ബയോട്ടിക് ഇൻജക്ഷനുകൾ
ബെൻസൈൽ പെൻസിലിൻ
സോഡിയം ക്ലോറൈഡ്
പാരസെറ്റാമോൾ ഐ.വി

പൊതുവിലെ ക്ഷാമം
നോർഫ്‌ലോക്‌സിൻ
മെറ്റ്‌ഫോർമിൻ 500
നോർമൽ സലൈൻ 500
ആസ്പിരിൻ 75എം.ജി
സിട്രിസിൻ
പാരസെറ്റാമോൾ സിറപ്പ്
പാൻഡപ്രിസോൾ
പാൻടോപ്പ്
അസിക്ലോഫെനാക്
ആന്റിബയോട്ടിക് മരുന്നുകൾ

ജീവിതശൈലി രോഗ മരുന്നുകൾ