ആലുവ: ഒരുവർഷം നീണ്ടുനിന്ന ആലുവ നഗരസഭ ശതാബ്ദി ആഘോഷത്തിന് അടുത്തമാസം സമാപനമാകും. മുഖ്യമന്ത്രിയേയോ ഗവർണറെയോ പങ്കെടുപ്പിച്ച് സമാപനസമ്മേളനം നടത്താനാണ് ശതാബ്ദി ആഘോഷക്കമ്മിറ്റിയുടെ തീരുമാനം. ആലുവ ശിവരാത്രി മണപ്പുറത്ത് വിപുലമായ സമ്മേളനമാണ് പരിഗണനയിലുള്ളത്.
ഇതിനകം നിരവധി പരിപാടികൾ നഗരസഭ സംഘടിപ്പിച്ചിട്ടുണ്ട്. 27ന് കേരളത്തിലെ മുഴുവൻ നഗരസഭാ ചെയർമാന്മാരും പങ്കെടുക്കുന്ന സംഗമം തോട്ടുമുഖം എയ്ലി ഹിൽസിൽ നടക്കും. മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. നഗരസഭയുടെ 100 വർഷത്തെ ചരിത്രം ഉൾപ്പെടുത്തിയുള്ള മാഗസിനും തയ്യാറാക്കുന്നുണ്ട്. ശതാബ്ദി സമാപനവേദിയിൽ ഇത് പ്രകാശിപ്പിക്കും. സാമ്പത്തിക പ്രതിസന്ധിമൂലം ശതാബ്ദി സ്മാരക നിർമ്മാണമൊന്നും നടന്നിട്ടില്ല. എന്നാൽ നഗരസഭ കാര്യാലയത്തിലെ വാട്ടർഫൗണ്ടൻ സ്വകാര്യ സ്ഥാപനത്തിന്റെ സഹായത്തോടെ ഇക്കാലയളവിൽ നവീകരിച്ചാണ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. പിന്നീട് ഔദ്യോഗിക ഉദ്ഘാടനം നടത്തിയത് മന്ത്രി എം.വി. ഗോവിന്ദനാണ്.