കൊച്ചി: കേന്ദ്രസർക്കാർ നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ ജി.എസ്.ടി ചുമത്തി വിലക്കയറ്റം രൂക്ഷമാക്കിയതിനെതിരെ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. എറണാകുളം ബി.എസ്.എൻ.എൽ ഓഫീസിലേക്ക് നടത്തിയ മാർച്ച് സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാനങ്ങളുടെ നികുതി പിരിക്കാനുള്ള അവകാശത്തെ കേന്ദ്രം കൈയടക്കിവച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ നികുതിവരുമാനം കുറയാൻ ഇത് കാരണമായി. രാഷ്ട്രീയ വിവേചനത്തോടെയാണ് കേന്ദ്രം പെരുമാറുന്നതെന്ന് സത്യൻ മൊകേരി പറഞ്ഞു.
സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ബാബു ജോസഫ്, ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ്, കോൺഗ്രസ് (എസ്) സംസ്ഥാന ട്രഷറർ അനിൽ കാഞ്ഞിലി, എൻ.സി.പി ജില്ലാ പ്രസിഡന്റ് ടി.പി. അബ്ദുൾ അസീസ്, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പൗലോസ് മുടക്കന്തല, ഐ.എൻ.എൽ ജില്ലാ പ്രസിഡന്റ് എൻ.എ മുഹമ്മദ് നജീബ്, കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് പോൾ വർഗീസ്, എൽ.ഡി.എഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, സി. മണി എന്നിവർ സംസാരിച്ചു.