ആലുവ: ഹൈക്കോടതി പലവട്ടം ഇടപെട്ടിട്ടും റോഡിലെ അപകടക്കുഴിയടക്കാൻ പൊതുമരാമത്ത് വകുപ്പ് അധികൃതർ നിസംഹത പുലർത്തിയപ്പോൾ നാട്ടുകാർ കുഴിയടച്ചു. ആലുവ - പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ കുട്ടമശേരിയിലെ വലിയ കുഴികളടക്കാനാണ് നാട്ടുകാർ നിരത്തിലിറങ്ങിയത്.

മെറ്റലും സിമന്റ് കട്ടയും ഉപയോഗിച്ചാണ് താത്കാലിക പരിഹാര കണ്ടത്. കുട്ടമശേരിയിലെ കോൺക്രീറ്റ് കട്ടകൾവിരിച്ച ഭാഗത്ത് അപകടകരമായി നിന്ന വലിയകുഴിയാണ് അടച്ചത്. ആലുവ പൗരാവകാശ സംരക്ഷണ സമിതി, മുസ്ലിം യൂത്ത് ലീഗ് തുടങ്ങിയ വിവിധ സംഘടനകൾ ഇവിടെ സമരങ്ങൾ നടത്തിയിരുന്നു. മഴ മാറിയാൽ കുഴിയടക്കുമെന്നായിരുന്നു പി.ഡബ്ളിയു.ഡി അധികൃതരുടെ പ്രഖ്യാപനം. എന്നാൽ മഴ മാറി രണ്ടു ദിവസങ്ങൾ പിന്നിട്ടിട്ടും പി.ഡബ്ളിയു.ഡി അധികാരികൾ വാക്ക് പാലിച്ചില്ല. മറ്റ് കുഴികൾ അടക്കാൻ പൊതുമരാമത്തിന്റെ ഭാഗത്ത് നിന്ന് അടിയന്തര നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം. കഴിഞ്ഞദിവസം ആനിക്കാട് കവലക് സമീപം കുഴിയിൽ വീഴാതെ വെട്ടിച്ച കാർ തൊട്ടടുത്ത കാനയിൽ ചാടിയിരുന്നു. ഭാഗ്യവശാൽ യാത്രക്കാർക്ക് അപകടം സംഭവിച്ചില്ല. ഇവിടെ തന്നെ മറ്റൊരു കാറിന്റെ ആക്‌സിൽ ഊരി പോയ സംഭവവും ഉണ്ടായി. ഇന്നലെ കുട്ടമശേരി സ്‌കൂളിന് സമീപം ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടിരുന്നു. പൊതുപ്രവർത്തകരായ മുസ്തഫ വലിയകത്ത്, രാജു കണിയാട്ട് എന്നിവരുടെ നേതൃത്വത്തിലാണ് കുഴിയടച്ചത്.