കൊച്ചി : കാനകളുടെയും കനാലുകളുടെയും ഒഴുക്ക് തടസപ്പെടുത്തുന്ന രീതിയിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിനും കോർപ്പറേഷൻ ഉദ്യോഗസ്ഥർക്കും കളക്ടർ ഡോ.രേണുരാജ് നിർദ്ദേശം നൽകി. കാനകളിൽ മാലിന്യം നിക്ഷേപിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കും. വെള്ളമൊഴുകി പോകുന്നതിനായി സ്ഥാപിച്ചിട്ടുള്ള ഗ്രേറ്റിംഗ്‌സ് ഇളക്കി മാറ്റുന്നവരെ കണ്ടെത്തുന്നതിനായി പൊലിസ് പരിശോധന നടത്തും. ഇത്തരക്കാർക്കെതിരെ കർശന നടപടികളും സ്വീകരിക്കും.ഹൈക്കോടതി പരിസരം, എം.ജി. റോഡ്, ബാനർജി റോഡ്, മുല്ലശേരി കനാൽ തുടങ്ങിയ സ്ഥലങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി സ്വീകരിച്ച നടപടികൾ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി.ദുരന്ത നിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദുമോൾ, പൊതുമരാമത്തു വകുപ്പ്, കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ്, ജി.സി.ഡി.എ, പൊലീസ്, അഗ്‌നി രക്ഷാസേന, കൊച്ചി കോർപ്പറേഷൻ അധികൃതർ തുടങ്ങിയവർ പങ്കെടുത്തു