പറവൂർ: പദ്ധതികൾ പലതും വന്നിട്ടും തീരദേശ മേഖലയായ ചിറ്റാറ്റുകര, വടക്കേക്കര പഞ്ചായത്തുകളിൽ കുടുവെള്ള ക്ഷാമത്തിന് പരിഹാരമായിട്ടില്ല. നാല് പതിറ്റാണ്ടുകൾ പഴക്കമുള്ള 400 എം.എം പ്രീമോ പൈപ്പിലൂടെ കൂടുതൽ ശക്തിയിൽ പമ്പിംഗ് നടത്തുമ്പോൾ പൈപ്പുകൾ പൊട്ടുന്ന സ്ഥിതിയാണ്. ഇതുമൂലം വടക്കേക്കര പഞ്ചായത്തിലെ വാവക്കാട്, മൂത്തകുന്നം, ചെട്ടിക്കാട്, മാല്യങ്കര മേഖലയിൽ വെള്ളം എത്തുന്നില്ല.

പൈപ്പുകൾ പൊട്ടുന്നത് കൂടുതലും പറവൂർ പാലത്തിന് മുമ്പുള്ള ഭാഗത്താണ്. ഇവിടെ പുതിയ പൈപ്പ് സ്ഥാപിക്കുകയെന്നതാണ് പരിഹാരം. ഇതിനായി പറവൂർ പമ്പിംഗ് സ്റ്റേഷൻ മുതൽ മുനിസിപ്പൽ കവല വരെ മൂന്ന് വർഷം മുമ്പ് 400 എം.എം ഡി.ഐ പൈപ്പുകൾ സ്ഥാപിച്ചിരുന്നു.

ദേശീയപാത പൊളിച്ച് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കാൻ അനുമതി ലഭിക്കാത്തതിനാൽ പറവൂർ പാലം വരെ മുനിസിപ്പൽ, പൊതുമരാമത്ത് എന്നീ റോഡുകളിലൂടെ പൈപ്പ് ലൈൻ സ്ഥാപിച്ചു. എന്നാൽ മുനിസിപ്പൽ കവലയിൽ 17 മീറ്റർ റോഡ് പൊളിച്ച് പുതിയ ലൈനുകൾ ബന്ധിപ്പിക്കാൻ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.

പറവൂർ പാലത്തിന് അടിയിലൂടെ നേരത്തെ പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ നിന്ന് മുനമ്പം കവല വരെയും പുതിയ ലൈൻ സ്ഥാപിക്കണം. അതിനുള്ള പദ്ധതി തയ്യാറായിട്ടുണ്ട്. മുനമ്പം കവലയിൽ നിന്ന് മറ്റുഭാഗത്തേക്കുള്ള പൈപ്പുകൾ അധികം പഴക്കമില്ലാത്തതാണ്. മുനിസിപ്പൽ കവല ഭാഗത്ത് റോഡ് പൊളിക്കാൻ അനുമതി ലഭിച്ചാൽ പൈപ്പ് സ്ഥാപിച്ച് അമ്മൻ കോവിൽ, നീണ്ടൂർ കവല ഭാഗങ്ങളിൽ ഇന്റർ കണക്‌ഷൻ നൽകി ഉടൻ ജലവിതരണം ആരംഭിക്കുമെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ പറഞ്ഞു

ജില്ലാ കളക്ടറെ

സന്ദർശിച്ചു

കുടിവെള്ള ക്ഷാമവുമായി ബന്ധപെട്ട് വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാറിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ജില്ലാ കളക്ടറെ കണ്ടു. ദേശീയപാതാ അധികൃതർ അനുമതി നിഷേധിക്കുന്നതുമായ കാര്യങ്ങൾ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യങ്ങളിൽ പി.ഡബ്ല്യു.ഡിയുടെ റിപ്പോർട്ട് വാങ്ങി പരിശോധിച്ച് വേണ്ട നടപടി നൽകാമെന്ന് കളക്ടർ ഉറപ്പ് നൽകി. വൈസ് പ്രസിഡന്റ് വി.എസ്. സന്തോഷ്, വികസന കാര്യ സ്റ്റാറ്റിംഗ്കമ്മറ്റി ചെയർപേഴ്സൺ മിനി വർഗ്ഗീസ് മാണിയാറ,പഞ്ചായത്ത് സെക്രട്ടറി ജെയിൻ വർഗ്ഗീസ് പാത്താടൻ തുടങ്ങിവരും പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.