pic

കൊച്ചി: മത്സ്യത്തിന് ന്യായവില ലഭിക്കാത്തതിലും മണ്ണെണ്ണ, ഡീസൽ, പെട്രോൾ, എന്നിവയുടെ വില വർദ്ധനയിലും പ്രതിഷേധിച്ച് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെല്ലാനം മിനി ഫിഷിംഗ് ഹാർബറിലെ തൊഴിലാളികൾ പണിമുടക്കി. അഡ്ജസ്റ്റ്‌മെന്റ് ലേലം വിളിയിലൂടെ ഒരു കിലോ മത്സ്യം ഇവിടെ 10 രൂപ മുതൽ 30 രൂപയ്ക്ക് വിൽക്കുമ്പോൾ ഒരു കിലോ മീറ്റർ ദൂരെ 100- 200 രൂപയ്ക്കാണ് ചില്ലറ വില്പന. തരകന്മാരും ഇടനിലക്കാരും കച്ചവടക്കാരും ചേർന്നുള്ള കൊള്ളയാണ് ഇവിടെ നടക്കുന്നതെന്ന് ഫെഡറേഷൻ നേതാക്കൾ കുറ്റപ്പെടുത്തി.
ഉപകരണങ്ങൾ വാങ്ങുന്നതിന് മത്സ്യഫെഡ് തൊഴിലാളികൾക്ക് രണ്ടു ലക്ഷം രൂപയാണ് നൽകുന്നത്. അതേസമയം തരകൻമാർ അഞ്ചു ലക്ഷവും അതിൽ കൂടുതലും വായ്പയായും കൊടുക്കും. പക്ഷേ കടം വാങ്ങിയാൽ മത്സ്യത്തിന്റെ വില്പനാധികാരവും അതാത് തരകന്മാർക്കായിരിക്കും. മഴക്കാലത്ത് ജീവൻ പണയം വച്ചു പിടിച്ചു കൊണ്ടുവരുന്ന മത്സ്യത്തിന് ന്യായമായ വില ലഭിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു തൊഴിലാളികൾ പണിമുടക്കിയത്. ജില്ലാ പ്രസിഡന്റ് ഷിജി തയ്യിൽ, സെക്രട്ടറി പൊടിയൻ, വിൽസൺ, മാർട്ടിൻ , റോഷൻ പനയ്ക്കൽ എന്നിവർ സംസാരിച്ചു.