പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഒരു ലക്ഷത്തിലധികം വരുന്ന രോഗികൾക്കായി പുതിയ ഇ.എസ്.ഐ ആശുപത്രി നിർമ്മിക്കുന്നു. ആശുപത്രിക്ക് സ്ഥലം കണ്ടെത്താനുള്ള യത്നത്തിലാണ് എൽദോസ് കുന്നിപ്പിള്ളി എം.എൽ.എയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും.
നൂറു ബെഡോടുകൂടിയ മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലാണ് പെരുമ്പാവൂരിൽ സ്ഥാപിക്കുന്നത്. ആശുപത്രിക്കൊപ്പം ക്വാർട്ടേഴ്‌സ് നിർമ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആശുപത്രിക്കായി അഞ്ചേക്കർ സ്ഥലമാണ് ആവശ്യം.
പെരുമ്പാവൂർ നഗരസഭയിൽ ഇപ്പോൾ കണ്ടെത്തിയിട്ടുള്ള ഭൂമി ഏറ്റെടുക്കേണ്ടെന്നാണ് തീരുമാനം. ഇ.എസ്.ഐ ആശുപത്രിക്കാവശ്യമായ സ്ഥലം ഉടൻ കണ്ടെത്താൻ കുന്നത്തുനാട് തഹസിൽദാർ വിനോദ് സി. രാജിനോട് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർദേശിച്ചിരുന്നു. പെരുമ്പാവൂർ മുനിസിപ്പാലിറ്റി, കൂവപ്പടി, രായമംഗലം, അശമന്നൂർ പഞ്ചായത്തുകൾ എന്നിവയിൽ ഏതെങ്കിലുമൊന്നിലെ സ്വകാര്യവ്യക്തികളുടെ ഭൂമിയടക്കം വാങ്ങിക്കാൻ തയ്യാറാണെന്ന് ഇ.എസ്. ഐ കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട്.