
കൊച്ചി: സമൂഹത്തിന് വേണ്ടിയും നാളേയ്ക്ക് വേണ്ടിയുമുള്ള ദീർഘവീക്ഷണമുള്ള പദ്ധതിയാണ് മുത്തൂറ്റ് ഫിനാൻസിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കപ്പ് ഒഫ് ലൈഫ് എന്ന് ജില്ലാ കളക്ടർ ഡോ. രേണുരാജ്. മുത്തൂറ്റ് കപ്പ് ഒഫ് ലൈഫ് പദ്ധതിയുടെ ഭാഗമായ വോളന്റിയർമാർക്കും നോഡൽ ഓഫീസർമാർക്കുമുള്ള മാസ്റ്റർ ട്രെയിനിംഗ് ക്യാമ്പിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ.
സമൂഹത്തിൽ വലിയ മാറ്റമുണ്ടാക്കുന്ന നൂതന പദ്ധതികളെല്ലാം പരീക്ഷണാടിസ്ഥാനത്തിൽ തുടക്കം കുറിച്ചത് എറണാകുളം ജില്ലയിലാണ്. കാഴ്ചപ്പാടിൽ വ്യത്യാസം വരുത്തുന്ന വിപ്ലവകരമായ ആശയമാണിതെന്നും കളക്ടർ പറഞ്ഞു. ഹൈബി ഈഡൻ എം.പി അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. മുത്തൂറ്റ് ഫിനാൻസ് എക്‌സിക്യുട്ടീവ് ഡയറക്ടർ കെ.ആർ. ബിജിമോൻ, സി.എസ്.ആർ വിഭാഗം മേധാവി ബാബുജോൺ മലയിൽ, ഐ.എം.എ കൊച്ചിൻ പ്രസിഡന്റ് ഡോ. മരിയ വർഗീസ്, ഡോ. ജുനൈദ് റഹ്മാൻ, കപ്പ് ഒഫ് ലൈഫ് പ്രോജക്ട് കോർഡിനേറ്റർ ഡോ. അഖിൽ മാനുവൽ, എൻ.എച്ച്.എം.ഡി.പി.എം ഡോ. സജിത്ത് ജോൺ എന്നിവർ സംസാരിച്ചു. ഒന്നരക്കോടി രൂപയാണ് പദ്ധതിയുടെ നടത്തിപ്പിനായി മുത്തൂറ്റ് ഫിനാൻസ് നൽകിയത്.