കൊച്ചി: 'രാഷ്ട്രശരീരത്തിനും മാനവികതയ്ക്കും മേൽ സ്വേച്ഛാധികാരികൾ ഏൽപ്പിക്കുന്ന ആഴത്തിലുള്ള മുറിവുകളെ കലയിലൂടെ അടയാളപ്പെടുത്താനാണ് ശ്രമിക്കുന്നത്. അവയ്ക്കുള്ള സ്മാരകം പണിയാനാണ് എന്റെ ശ്രമം.' എറണാകുളം ഡർബാർഹാളിൽ തുടക്കമായ ഡിസ്റ്റോപ്പിയ ചിത്രപ്രദർശനത്തിന്റെ ചിത്രകാരനും ചലച്ചിത്രസംവിധായകനുമായ നേമം പുഷ്പരാജിന്റെ വാക്കുകളാണിവ. ചിത്രകാരന്റെ വാക്കുകളെ ശരിവയ്ക്കുകയാണ് ഡിസ്റ്റോപ്പിയയിലെ ചിത്രങ്ങൾ.
അപരിചിത വൈകൃതങ്ങളുടെയും ആശയ വക്രീകരണങ്ങളുടെയും ഡിസ്റ്റോപ്പിയൻ യാഥാർത്ഥ്യം ഉൾക്കൊള്ളുന്ന ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. ചരിത്രവും വർത്തമാനവും ഭാവിയും ചേർത്തുവച്ച് ഏതൊരു ആസ്വാദകനും ചിത്രങ്ങളുടെ ആശയം വായിച്ചെടുക്കാം.
പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ ബി.ഡി. ദത്തൻ അദ്ധ്യക്ഷനായി. കാറ്റലോഗ് കെ വി. മോഹൻകുമാർ ശില്പി അനിലാ ജേക്കബിന് നൽകി പ്രകാശിപ്പിച്ചു. 20ന് സമാപിക്കും.