കൊച്ചി: പൈത്തൺ പ്രോഗ്രാമിംഗിലെ പ്രായംകുറഞ്ഞ സർട്ടിഫിക്കറ്റ് ഉടമയായി എട്ടാംക്ലാസുകാരനായ ആർ. ഉദയശങ്കർ. പൈത്തൺ ഭാഷയിൽ ഇന്റർമീഡിയറ്റ് ലെവൽ കോഡിംഗ് ടാസ്‌കുകൾ നിർവഹിക്കാനുള്ള പരീക്ഷയായ പി.സി.എ.പി 31 ഒഎക്സ് ആണ് ഇക്കഴിഞ്ഞ ജൂണിൽ ഉദയശങ്കർ വിജയിച്ചത്. വെബ്‌സൈറ്റുകൾ, സോഫ്റ്റ് വെയറുകൾ, ഓട്ടോമേറ്റ് ടാസ്‌കുകൾ, ഡാറ്റാ അനാലിസിസ് എന്നിവയ്ക്കുപയോഗിക്കുന്ന കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ലാംഗ്വേജ് ആണ് പൈത്തൺ. തമ്മനം നളന്ദ പബ്ലിക്‌സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഉദയശങ്കർ . ഉറവ് അഡ്വാൻസ്ഡ് ലേണിംഗ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് ടെക്‌നോളജി ഓഫീസർ കൂടിയാണ് ഉദയശങ്കർ . കൊച്ചി വൈറ്റില സ്വദേശി ഡോ. രവികുമാറിന്റെ മകനാണ്. ജിയോ ടെസറാക്ടിനായി അവരുടെ ജിയോഗ്ലാസ് എം.ആർ പ്ലാറ്റ്‌ഫോമിൽ മൂന്നു ഗെയിമുകൾ വികസിപ്പിച്ചിട്ടുള്ള ഉദയ്ശങ്കർ കൊച്ചിയിലെ സൃഷ്ടി റോബോട്ടിക്‌സിൽ നിന്ന് അഡ്വാൻസ്ഡ് റോബോട്ടിക്‌സിൽ പരിശീലനവും നേടിയിട്ടുണ്ട്. തന്റെ കമ്പനി യൂണിറ്റി ത്രിഡി ഗെയിം ഡവലപ്‌മെന്റ് കോഴ്‌സ് ആസൂത്രണം ചെയ്യുകയാണെന്ന് ഉദയശങ്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.