തോപ്പുംപടി: കെ.ജെ മാക്സി എം.എൽ.എയുടെ നേതൃത്വത്തിൽ നടക്കുന്ന അക്ഷരദീപം സമഗ്ര വിദ്യഭ്യാസ പദ്ധതിയിൽ കൂടുതൽ പ്രൊജക്ടുകൾ ഉൾപ്പെടുത്തും. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി വിഭാഗത്തിൽ ഫുൾ എ പ്ളസ് വാങ്ങിയ വിദ്യാർത്ഥികളിൽ നിന്ന് അഭിരുചിയുള്ള അമ്പത് പേർക്ക് സിവിൽ സർവീസ് പരിശീലനം നൽകും. സാഹിത്യ അഭിരുചികളുള്ള വിദ്യാർത്ഥികളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രത്യേക പദ്ധതിയും നടപ്പിലാകുമെന്ന് കെ.ജെ. മാക്സി എം.എൽ.എ പറഞ്ഞു. വിദ്യാർത്ഥികളുടെ മാനസിക ശാരീരികവുമായ പുരോഗതിക്കായി യോഗ പരിശീലനം ആരംഭിക്കും.പദ്ധതി വഴി നടപ്പിലാക്കി വരുന്ന പ്രതിഭാ പുരസ്കാര വിതരണം വെള്ളിയാഴ്ച നടക്കും. ഫോർട്ട്കൊച്ചി ഫാത്തിമ ഗേൾസ് ഹൈസ്കൂളിൽ നടക്കുന്ന പരിപാടിയിൽ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഫുൾ എ പ്ളസ് വിജയം കരസ്ഥമാക്കിയ 474 വിദ്യാർത്ഥികളെ ആദരിക്കും.
കളക്ടർ രേണു രാജ് ഉദ്ഘാടനം ചെയ്യും. കെ.ജെ മാക്സി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മണ്ഡലത്തിലെ 42 സർക്കാർ,എയ്ഡഡ് സ്കൂളുകളിലെ ഒന്ന് മുതൽ നാല് വരെയുള്ള ക്ളാസുകളിലെ 9176 വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം പദ്ധതി തുടരുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരെയും അനദ്ധ്യാപകരെയും ആദരിക്കുന്ന ഗുരു ദക്ഷിണ പരിപാടിയും പദ്ധതിയുടെ ഭാഗമായി നടക്കുമെന്ന് കെ.എം. റിയാദ്,പി.എസ്. ഗിരീഷ്,സി.കെ. നസീർ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.