കൊച്ചി : തൃക്കാക്കര എൻ.ജി.ഒ ക്വാർട്ടേഴ്‌സ് ജംഗ്ഷന് സമീപം കെ.എം.ആർ.എല്ലിന് കൈമാറിയ ഭൂമിയിൽ മാലിന്യങ്ങൾ നീക്കം ചെയ്ത് സ്ഥലം വൃത്തിയാക്കാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. രാത്രികാല പരിശോധനകൾ ശക്തമാക്കി മാലിന്യം നിഷേപിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് തൃക്കാക്കര നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

എറണാകുളം ജില്ലാ കളക്ടറിൽ നിന്ന് കമ്മിഷൻ റിപ്പോർട്ട് വാങ്ങി. തൃക്കാക്കര നഗരസഭാ പരിധിയിലെ 26, 27 ഡിവിഷനുകളിലായി സ്ഥിതി ചെയ്യുന്ന കുന്നപ്പുറം –എൻ.ജി.ഒ ക്വാർട്ടേഴ്‌സ് റോഡിന് ഇരുവശത്തുമായി വൻതോതിൽ മാലിന്യം നിക്ഷേപിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് പൊതു ജനങ്ങൾക്ക് ആരോഗ്യ പ്രശ്‌നങ്ങളും ബുദ്ധിമുട്ടും സൃഷ്ടിക്കുന്നു.ഇത് സംബന്ധിച്ച് തൃക്കാക്കര നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.