കൊച്ചി: ടൗൺഹാളിന് സമീപം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവ‌ർ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾ കുത്തേറ്റുമരിച്ചു. കൊല്ലപ്പെട്ട കൊല്ലം സ്വദേശിയെ തിരിച്ചറിഞ്ഞിട്ടില്ല. ടൗൺഹാളിന് സമീപം ഒരു ലോഡ്ജിൽ താമസിക്കുകയായിരുന്ന പ്രതി ഒളിവിലാണ്. ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവം.

അപരിചിതരായ ഇരുവരും തമ്മിൽ ഹോട്ടലിൽവച്ച് വാക്കുതർക്കം ഉണ്ടാവുകയും പ്രതിയുടെ കൈയിലുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തുകയുമായിരുന്നു. സംഭവശേഷം ലോഡ്ജിലേക്ക് ഓടിക്കയറിയ പ്രതി തന്റെ സാധനങ്ങളുമെടുത്ത് രക്ഷപ്പെട്ടു. പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.