കൊച്ചി: കോൺഫെഡറേഷൻ ഒഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷൻസ് ഒഫ് ഇന്ത്യയുടെ (ക്രെഡായ്) കേരളഘടകത്തിന്റെ സംസ്ഥാന സമ്മേളനം ഇന്നും നാളെയും (12,13) കളമശേരി ചാക്കോളാസ് പവലിയനിൽ നടക്കും. ഇന്ന് രാവിലെ 10.30ന് മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. അനറോക് ഗ്രൂപ്പ് ചെയർമാൻ അനുജ് പുരി മുഖ്യാതിഥിയാകും. ക്രെഡായ് കേരള ചെയർമാൻ എം.എ. മെഹബൂബ്, സമ്മേളനം ചെയർമാൻ എം.വി. ആന്റണി, സെക്രട്ടറി ജനറൽ ജോൺ തോമസ് തുടങ്ങിയവർ പങ്കെടുക്കും. നിർമ്മാണമേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും.
നാളെ രാവിലെ 11.30ന് ചേരുന്ന യോഗത്തിൽ മന്ത്രി പി. രാജീവ്, കേന്ദ്ര ഹൗസിംഗ് ആൻഡ് അർബൻ മന്ത്രാലയ സെക്രട്ടറി മനോജ് ജോഷി, നിയുക്ത ക്രെഡായ് ദേശീയ പ്രസിഡന്റ് ബൊമൻ ഇറാനി, ക്രെഡായ് നാഷണൽ ദക്ഷിണ മേഖലാ വൈസ് പ്രസിഡന്റ് റാം റെഡ്ഡി, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ എം.ജി. രാജമാണിക്യം, വ്യവസായ, നോർക്കവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല എന്നിവർ പങ്കെടുക്കും. കേരളത്തിലെയും അയൽ സംസ്ഥാനങ്ങളിലെയും വികസനങ്ങൾ താരതമ്യം ചെയ്യുന്ന ക്രെഡായ് റിപ്പോർട്ട് മന്ത്രി പി. രാജീവ് പ്രകാശിപ്പിക്കും.
ഉച്ചയ്ക്ക് ഒന്നിന് എവേക്ക് ട്രിവാൻഡ്രം പ്രത്യേകയോഗത്തിൽ ക്രെഡായ് കേരള കൺവീനർ ജനറലും എവേക്ക് ട്രിവാൻഡ്രം പ്രസിഡന്റുമായ രഘുചന്ദ്രൻ നായർ, സെക്രട്ടറി ആർ. അനിൽകുമാർ, സി.ഇ.ഒ രഞ്ജിത്ത് രാമാനുജം എന്നിവർ പങ്കെടുക്കും.