1

തൃക്കാക്കര: സി.പി.ഐ പ്രാദേശിക നേതാവ് പുറമ്പോക്ക് ഭൂമിയിൽ കെട്ടിടം നിർമ്മിച്ച സംഭവത്തിൽ നടപടി എടുക്കാതെ റവന്യൂ വകുപ്പ്. ഭരണസിരാകേന്ദ്രത്തിന്റെ വിളിപ്പാടകലെയാണ് സെന്റിന് കോടികൾ വിലയുള്ള പുറമ്പോക്ക് ഭൂമി കൈയേറി കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ആറ് സെന്റ് ഭൂമി കൈയേറിയതായി കണ്ടെത്തിയിരിക്കുന്നത്. വർഷങ്ങളായി പ്രദേശവാസിയായ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ അതീതനായിലായിരുന്നു ഈ ഭൂമി. അദ്ദേഹത്തിന് പട്ടയം ലഭിക്കില്ലെന്ന് അറിഞ്ഞതോടെ സി.പി.ഐ മണ്ഡലം നേതാവുമായി ചേർന്ന് പട്ടയം വാങ്ങിത്തരാമെന്ന് ഉറപ്പിൽ 26 ലക്ഷം വാങ്ങിയാണ് പുറമ്പോക്ക് ഭൂമി കച്ചവടം നടത്തിയതായാണ് ആരോപണമുയർന്നിരിക്കുന്നത്. നഗരസഭയിൽ നിന്ന് കെട്ടിടത്തിന് താത്കാലിക നമ്പറും സംഘടിപ്പിച്ചു. ഭൂമിക്ക് പട്ടയത്തിനായി അപേക്ഷ സമർപ്പിച്ചു.

റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിൽ പാലാരിവട്ടം ഇൻഫോപാർക്കിലേക്ക് മെട്രോ സ്ഥലം എടുത്തപ്പോൾ സ്ഥലം നഷ്ടപ്പെട്ടതാണെന്നും സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ലഭിച്ചതാണെന്നും കണ്ടെത്തിയിരുന്നു. ഇതോടെ അപേക്ഷകന് പട്ടയത്തിന് അർഹതയില്ലെന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ നേതാവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർക്ക് മേൽ സമ്മർദ്ദം ചെലുത്തി പട്ടയ നടപടികൾ വേഗത്തിലാക്കാൻ ശ്രമിക്കുകയാണെന്നാണ് ആരോപണം.