ആലുവ: മഴ പൂർണമായി മാറിയതിനാലും ഡാമുകളുടെ ഷട്ടർ ഭാഗികമായി അടച്ചതോടെയും പെരിയാറിലെ ജലനിരപ്പ് സാധരണ നിലയിലാകുന്നു. ഒന്നര അടി കൂടി വെള്ളം ഇറങ്ങിയാൽ പെരിയാറിലെ ജലനിരപ്പ് സാധാരണ നിലയിലാകും. നിലവിൽ ആലുവ മണപ്പുറത്ത് പെരിയാറിലെ ജലനിരപ്പ് കര തൊട്ട് നിൽക്കുകയാണ്. കരയിൽ താഴ്ന്ന പ്രദേശങ്ങളിൽ മാത്രമാണ് വെള്ളമുള്ളത്. മണപ്പുറത്തെ മറ്റ് ഭാഗങ്ങളിലെല്ലാം ചെളിയും മാലിന്യങ്ങളും നിറഞ്ഞ് കിടക്കുകയാണ്. മണപ്പുറം മഹാദേവ ക്ഷേത്രത്തിനകത്ത് രണ്ടടിയോളം വെള്ളമുണ്ട്. ക്ഷേത്രത്തിനകത്ത് ഇപ്പോഴും വെള്ളമുള്ളത്. പുഴയിലെ ജലനിരപ്പ് സാധാരണ നിലയിലാകുമ്പോൾ ക്ഷേത്രത്തിനകത്തെ വെള്ളം തിരികെ പുഴയിലേക്ക് ഒഴുകി പോകും. അതിന് ശേഷം മാത്രമെ ക്ഷേത്രത്തിനകത്തെ ചെളിയും മാലിന്യങ്ങളും നീക്കാനാകു. അര അടിയിലേറെ കനത്തിൽ ചെളിയുണ്ടാകും. ഇത് നീക്കം ചെയ്യുന്നതിന് ദേവസ്വം ബോർഡ് പണം ചെലവഴിക്കണം. ക്ഷേത്രത്തിന് ചുറ്റുമെല്ലാം ഇപ്പോൾ ചെളിമയമാണ്. മണപ്പുറത്തേക്ക് വരുന്നവർ പാർക്കിംഗ് ഏരിയ ഒഴികെയുള്ള ഭാഗത്തിറങ്ങിയാൽ തെന്നി വീഴാൻ സാദ്ധ്യത കൂടുതലാണ്.

ക്ഷേത്രത്തിൽ രാവിലെയും വൈകിട്ടും പൂജയുണ്ടെങ്കിലും ഭക്തരുടെ സാന്നിദ്ധ്യമില്ല. പൂജസാധനങ്ങളുടെ കൗണ്ടറുകളെല്ലാം ജോലിക്കാർ കഴുകി വൃത്തിയാക്കി തുടങ്ങി. ക്ഷേത്രത്തിനകത്തെ വെള്ളം ഇറങ്ങുന്നതനുസരിച്ച് ഭക്തരെത്തും. അപ്പോഴേക്കും പൂജാസാധനങ്ങൾ സജ്ജമാക്കാനാുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ട്.