കൊച്ചി: സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമത്തിന് മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ അനാസ്ഥയും കാരണം. ടെൻഡർ നടപടികൾ വൈകിയെന്ന് കെ.എം.എസ്.സി.എൽ അധികൃതർ സമ്മതിച്ചു. സാധാരണ ഡിസംബർ മാസത്തിലാണ് ടെൻഡർ നടപടികൾ തുടങ്ങേണ്ടത്. ഇത്തവണ തുടങ്ങിയത് ജൂണിലും. അതിനനുസരിച്ച് മറ്റ് നടപടികളിലും കാലതാമസമുണ്ടായി. ഇതാണ് മരുന്ന് ദൗർലഭ്യത്തിലേക്ക് നയിച്ചത്.
കടുത്തക്ഷാമം നേരിട്ടപ്പോൾ പല ആശുപത്രികളും പലതവണ രേഖാമൂലവും അല്ലാതെയും മെഡിക്കൽ സർവീസസ് കോർപ്പറേഷനെ വിവരം അറിയിച്ചിരുന്നു. മരുന്ന് കൂടുതലും രോഗികൾ കുറവുമുള്ള ആശുപത്രികളിൽ നിന്ന് മരുന്ന് വാങ്ങാനായിരുന്നു നിർദേശം. ആശുപത്രികളിലെ മരുന്ന് തീരുന്നതിന്റെ കണക്ക് സോഫ്റ്റ്‌വെയർ വഴി കെ.എം.എസ്.സി.എലിന് അറിയാൻ സാധിക്കുമെങ്കിലും പലപ്പോഴും സോഫ്റ്റ്‌വെയർ തകരാറിലാണെന്ന് പറഞ്ഞ് തടിതപ്പുകയും ചെയ്തു. മരുന്ന് കമ്പനികൾക്ക് പണം നൽകാതെ വന്നതോടെ ടെൻഡർ നടപടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണവും കുറഞ്ഞു. പല മരുന്നുകൾക്കും ഒരു ടെൻഡർ മാത്രമാണ് ലഭിച്ചതെന്നും കെ.എം.എസ്.സി.എൽ അധികൃതർ വ്യക്തമാക്കി.
ലോക്കൽ പർച്ചേസും മുടങ്ങി
മരുന്നുക്ഷാമം വരുമ്പോൾ ആശുപത്രികൾ കുറഞ്ഞ വിലയ്ക്ക് കാരുണ്യയിൽ നിന്ന് വാങ്ങാറുണ്ട്. ഇത്തവണ കാരുണ്യയിലും മരുന്ന് കുറവാണ്.
ഹോസ്‌പിറ്റൽ മാനേജ്‌മെന്റ് ഫണ്ട്, ഹോസ്‌പിറ്റൽ ഡെവലപ്‌മെന്റ് ഫണ്ട് എന്നിവയിൽ നിന്ന് പണമെടുത്ത് മരുന്നെത്തിക്കാൻ ആശുപത്രി സൂപ്രണ്ടുമാർ തയാറാകുന്നുമില്ല. ഇങ്ങനെ പണമെടുത്താൽ മുടക്കിയ തുക സർക്കാർ തിരികെ നൽകുമോയെന്ന ആശങ്കയാണ് അധികൃതരെ പിന്നോട്ടുവലിക്കുന്നത്.
ക്ഷാമം എവിടെയെന്ന് കെ.എം.എസ്.എസി.എൽ
സർക്കാർ ആശുപത്രികളിൽ നിന്നുള്ള മരുന്ന് കുറിപ്പടികളുമായി സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ നിരവധിപ്പേർ ദിവസവും കയറിയിറങ്ങുമ്പോഴും മരുന്നുക്ഷാമം ഒരിടത്തുമില്ലെന്ന വാദമാണ് കെ.എം.എസ്.എസി.എല്ലിന്. ഡോക്ടർമാർ പുതിയ കോംബിനേഷൻ മരുന്നുകൾ നൽകുമ്പോഴാണ് ക്ഷാമമുണ്ടാകുന്നതെന്നാണ് ഇവരുടെ വാദം.
കൊവിഡ് കാലത്ത് രോഗികൾ എത്താതിരുന്നപ്പോൾ മരുന്നുകൾ സ്‌റ്റോക്ക് ഉണ്ടായിരുന്നു. സ്‌റ്റോക്ക് അവശേഷിച്ചതിനാൽ കൊവിഡിനുശേഷം ആശുപത്രികൾ ആവശ്യമുള്ളതിലും കുറവ് മരുന്നുകൾക്കാണ് ഓർഡർ നൽകിയത്.
മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ഈ വാദങ്ങൾ ഉന്നയിക്കുമ്പോഴും എറണാകുളം ജില്ലാ ജനറൽ ആശുപത്രിയുടെ സമീപത്തെ മെഡിക്കൽ സ്റ്റോറുകളിലുൾപ്പെടെ ഇന്നലെയും നിരവധിയാളുകൾ ആശുപത്രി കുറിപ്പടിയുമായെത്തിയിരുന്നു.