കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഇന്ന് കേരള ഹൈക്കോടതിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ സ്വാതന്ത്ര്യസമര രക്തസാക്ഷികൾക്കു ആദരമർപ്പിക്കുന്നു. സ്വാതന്ത്ര്യസമര സേനാനികളുടെ ഓർമ്മയ്ക്കായി ഹൈക്കോടതിക്കു മുന്നിൽ ഒരുക്കിയ സ്തംഭത്തിന്റെ സമർപ്പണം വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ നിർവഹിക്കും. ജസ്റ്റിസ് കെ. വിനോദ്ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.
ദക്ഷിണ നാവികത്താവളം മേധാവി വൈസ് അഡ്‌മിറൽ എം.എ. ഹംപിഹോളി സ്വാതന്ത്യ്രസമരത്തിൽ വീരമൃത്യു വരിച്ചവർക്ക് ആദരമർപ്പിക്കും. അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്‌ണക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തും. ഹൈക്കോടതി രജിസ്ട്രാർ ജനറൽ കെ. കൃഷ്‌ണകുമാർ സ്വാഗതവും അഡ്‌മിനിസ്ട്രേഷൻ രജിസ്ട്രാർ എ.വി. പ്രദീപ്കുമാർ നന്ദിയും പറയും.