
കൊച്ചി: കൊച്ചി കോർപ്പറേഷൻ 29 ാം ഡിവിഷൻ കൗൺസിലർ ടി. പത്മകുമാരിയുടെ സത്യപ്രതിജ്ഞയെ ചൊല്ലി വിവാദം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ മുതിർന്ന നേതാവായ എൻ. വേണുഗോപാലിനെ ഒരു വോട്ടിനാണ് എൻ.ഡി.എ സ്ഥാനാർത്ഥിയായ പത്മകുമാരി പരാജയപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഓഫീസർ നിയമവിരുദ്ധമായി പ്രവർത്തിച്ചുവെന്നും തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് വേണുഗോപാൽ കോടതിയെ സമീപിച്ചു. മുൻസിഫ് കോടതി ജൂൺ 22ന് നറുക്കെടുപ്പിലൂടെ പത്മകുമാരിയെ വീണ്ടും വിജയിയായി പ്രഖ്യാപിച്ചു. ഇന്നലെ മേയർ അനിൽകുമാറിന്റെ ചേംബറിൽ നടന്ന ചടങ്ങിൽ ഇവർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു.
നിയമവിരുദ്ധമെന്ന്
യു.ഡി.എഫ്
പത്മകുമാരിയുടെ സത്യപ്രതിജ്ഞ നിയമവിരുദ്ധമാണെന്ന് ആരോപിച്ച് യു.ഡി.എഫ് രംഗത്തെത്തി. കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി മതിയായ കാരണങ്ങളില്ലാതെ 30 ദിവസത്തിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ സ്വയമേവ സ്ഥാനം ഒഴിവാക്കി ഗസറ്റഡ് വിജ്ഞാപനം ചെയ്യണമെന്നാണ് മുനിസിപ്പൽ നിയമം.
ഇതിനുവിരുദ്ധമായി പത്മകുമാരി കഴിഞ്ഞ രണ്ടു മാസമായി കൗൺസിലറെന്ന നിലയിൽ പ്രവർത്തിച്ചുവരികയാണ്. നിയമവിരുദ്ധമായ സത്യപ്രതിജ്ഞക്കെതിരെ മേയർക്ക് പരാതി നൽകിയതായി പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ പറഞ്ഞു.
നേരത്തെ
അറിയിച്ചെന്ന് ബി.ജെ.പി
പത്മകുമാരി വിജയിച്ചുവെന്ന കോടതി വിധിയുടെ പകർപ്പ് സെക്രട്ടറിക്ക് നൽകിയതിന് പുറമെ ജൂലായ് ഒന്നിന് രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ് കോർപ്പറേഷന് ലഭിച്ചത് കഴിഞ്ഞ അഞ്ചിനാണ്. ഇടയ്ക്ക് അവധിദിവസങ്ങൾ വന്നതിനാലാണ് സത്യപ്രതിജ്ഞ വൈകിയതെന്നും ഇക്കാര്യത്തിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചില്ലെന്നും ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് സുധ ദിലീപ് കുമാർ പറഞ്ഞു.
നിയമാനുസരണമെന്ന്
പത്മകുമാരി കൗൺസിലറായി തുടരുന്നതിനാൽ വീണ്ടും സതൃപ്രതിജ്ഞ ചെയ്യേണ്ട ആവശ്യമുണ്ടോയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിപ്രായം തേടിയിരുന്നു. കഴിയുന്നത്ര വേഗത്തിൽ സത്യപ്രതിജ്ഞ ചെയ്യണമെന്ന് കഴിഞ്ഞ ആഴ്ച കമ്മിഷന്റെ മറുപടി ലഭിച്ചു. ഇതനുസരിച്ചാണ് പ്രവർത്തിച്ചതെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു.