പറവൂർ: കോട്ടുവള്ളി വില്ലേജിലെ ആനച്ചാലിൽ പതിനാറ് ഏക്കർ കണ്ടൽകാടുകളുള്ള തണ്ണീർതടം നികത്തുന്നതിന് വനം വകുപ്പിന്റെ അനുകൂല റിപ്പോർട്ട്. നാട്ടുകാരുടെയും പരിസ്ഥിതിവാദികളുടെയും വാദംതള്ളിയാണ് പ്രസ്തുത സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടൽകാടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും നശിപ്പിച്ചതായി കണ്ടെത്താനായിട്ടില്ലെന്നും വിവരാവകാശ മറുപടിയിൽ കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ നൽകിയത്.
മന്നം സ്വദേശിക്ക് വിവരാവകാശ അപേക്ഷയിലാണ് മറുപടി. പാർക്ക് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന 16 ഏക്കറിൽ കുറെ ഭാഗം മണ്ണടിച്ച് നികത്താൻ ആരംഭിച്ചപ്പോൾ നാട്ടുകാരും പരിസ്ഥിതിവാദികളും ചേർന്ന് തടയുകയും പരാതിയുടെ അടിസ്ഥാനത്തിൽ വില്ലേജ്, പഞ്ചായത്ത് അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകുകയുണ്ടായി. കണ്ടൽകാടുകൾ നശിപ്പിക്കുന്നുവെന്ന പരാതിയെത്തുടർന്ന് വനം വകുപ്പ് സെക്ഷൻ ഓഫീസറുടെ നേത്യത്വത്തിൽ നാലംഗസംഘം സ്ഥലത്തെത്തി പരിശോധനയും നടത്തി. ജൂൺ 26നായിരുന്നു പരിശോധനയ്ക്ക് എത്തിയത്. അതിന് ശേഷം സബ് കളക്ടർ പി. വിഷ്ണുരാജ് സ്ഥലം സന്ദർശിച്ചിരുന്നു. കണ്ടൽകാടുകളുള്ള തണ്ണീർതടം നിരത്തുന്നതിനെതിരെ കർഷക സംഘടനകളും സ്ഥലത്ത് കൊടികുത്തിയിട്ടുണ്ട്.