വൈപ്പിൻ: പാർട്ടിയിലെ ശക്തമായ എതിർപ്പ് മറി കടന്ന് ഞാറക്കൽ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സി.പി.ഐ കോൺഗ്രസിനൊപ്പം മുന്നണിയുണ്ടാക്കി മത്സരിക്കാൻ തീരുമാനിച്ചു. കോൺഗ്രസുമായുള്ള സഖ്യത്തിനെതിരെ പാർട്ടിയിലെ ആറ് ലോക്കൽ സെക്രട്ടറിമാരും നാലു മണ്ഡലം കമ്മിറ്റി അംഗങ്ങളും രണ്ടു ജില്ലാ കൗൺസിൽ അംഗങ്ങളും ജില്ലാ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഈ എതിർപ്പ് മറി കടന്നാണ് മണ്ഡലം സെക്രട്ടറിയോടൊപ്പമുള്ള വിഭാഗം ഔദ്യോഗികമായിത്തന്നെ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽകോൺഗ്രസുമായി കൈ കോർത്ത് സി.പി.എം വിമതർ മത്സരിച്ച് വിജയിച്ചിരുന്നു. എന്നാൽ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് ഭരണ സമിതിയിൽ നിന്ന് ഭൂരിപക്ഷംപേരും രാജി വക്കുകയും ബാങ്ക് അഡ്മിനിസ്‌ട്രേഷൻ ഭരണത്തിലാക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ്. കഴിഞ്ഞ ടേമിൽ മത്സരിച്ച് വിജയിച്ച് ബാങ്ക് പ്രസിഡന്റായ സി.പി.എം വിമതൻ എൻ.എ.ജോർജ് ഇത്തവണ സി.പി.എം നൊപ്പം ചേർന്ന് ഇടത് സഖ്യത്തിന്റെ സ്ഥാനാർത്ഥിയായിട്ടുണ്ട്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി രാജു , മത്സ്യത്തൊഴിലാളി സഹകരണ സംഘംപ്രസിഡന്റ് ജയകുമാർ എന്നിവർ ഇടത് മുന്നണിയിലും യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റ് ടിറ്റോ ആന്റണി കോൺഗ്രസ് മുന്നണിയിലും മത്സരിക്കുന്നുണ്ട്. 21 നാണ് തിരഞ്ഞെടുപ്പ്.