ആലങ്ങാട്: നാടാകെ പെരിയാറിലെ ജലനിരപ്പിൽ കണ്ണുനട്ടിരിക്കുമ്പോൾ കരുമാലൂർ ഗ്രാമം ഉഴുതുമറിഞ്ഞ മണ്ണിൽ പുതുനാമ്പു നടുന്ന തിരക്കിലാണ്. കാലവർഷക്കണക്കുകൾ അസ്ഥാനത്തായെങ്കിലും നെൽകൃഷി മുടക്കാതെ മുന്നോട്ടു പോകാനാണ് കർഷകരുടെ തീരുമാനം. ഇതിനകം ഉഴുതൊരുക്കിയ വയലുകളിൽ ഇതരസംസ്ഥാനക്കാരായ കർഷകത്തൊഴിലാളികളെ ഉപയോഗിച്ച് ഞാറു നടീൽ പുരോഗമിക്കുകയാണ്.
പാടശേഖരത്തിന്റെ കിഴക്കേ പാതിയിലാണ് നിലമൊരുക്കൽ പൂർത്തിയായത്. ഇവിടെ ദിവസങ്ങൾക്കകം നടീൽ പൂർത്തിയാകും. എന്നാൽ പടിഞ്ഞാേറപാടത്ത് ഇനിയും നിലങ്ങൾ ഉഴാനുണ്ട്. മഴ പ്രതീക്ഷിച്ച് ജലസേചനം നിർത്തിവച്ചതിനെ തുടർന്ന് ഈ ഭാഗത്ത് വയലുകളിലെ വെള്ളമില്ലാത്ത നിലയിലാണ്. പമ്പിംഗ് പുനരാരംഭിച്ചാലേ ഇനി നിലമൊരുക്കാനാകൂ.
പൂർണ്ണമായും മഴയെ ആശ്രയിച്ചു ചെയ്യുന്ന വിരിപ്പിന് ഒരുമാസം മുമ്പാണ് ഒരുക്കങ്ങൾ ആരംഭിച്ചത്. പിന്നാലെ അതിതീവ്രമഴയും പെരിയാറിലെ ജല നിരപ്പ് ഉയരുന്ന സ്ഥിതിയുമുണ്ടായതിനേതുടർന്ന് തീരത്തുള്ള രണ്ട് ഇറിഗേഷൻ പമ്പ് ഹൗസുകളിലെയും പമ്പുകൾ കരയിൽ കയറ്റി വച്ചു. എന്നാൽ കണക്കു കൂട്ടിയപോലെ പുഴ കവിയാതെയും മഴ കനിയാതെയും വന്നതോടെ വീണ്ടും പമ്പുകൾ തന്നെയാണ് ആശ്രയം. അടിയസ്ഥരമായി വെള്ളമെത്തിച്ച് ഈ മാസത്തോടെ നടീൽ പൂർത്തിയാക്കിനുള്ള പരിശ്രമത്തിലാണ് കർഷകർ.
പാടശേഖരത്തിനു മദ്ധ്യത്തിലൂടെയുള്ള റോഡിനടിയിലെ 5 കലിങ്കുകളിലൂടെയാണ് ഇറിഗേഷൻ പബ് ഹൗസുകളിൽ നിന്നു കിഴക്കേ പാടത്തേയ്ക്കു വെള്ളം പടിഞ്ഞാറേ പാടത്ത് എത്തേണ്ടത്. പുറപ്പള്ളിക്കാവ് റഗുലേറ്റർ നിർമ്മാണ സമയത്തും തുടർന്നും ഇതുവഴി ഭാരവണ്ടികളുടെ ഗതാഗതം വർദ്ധിച്ചതോടെ കലിങ്കുകൾ ഇറിഞ്ഞ നിലയിലാണ്. കൂടാതെ ജലവിതരണ കുഴലുകളും ചെളിയും തടസമായുണ്ട്. കലിങ്കുകൾ ഉയരം കൂട്ടി പുനർനിർമ്മിക്കാമെന്ന് മന്ത്രി പി. രാജീവ് കരുമാല്ലൂർ പാടശേഖരസമിതിക്കു നൽകിയ ഉറപ്പ് ഇതുവരെ പ്രാവർത്തികമായിട്ടില്ല. ഈ അവസ്ഥയിൽ പമ്പ് പുനരാരംഭിച്ചാലും പടിഞ്ഞാറേ പാടത്ത് ആവശ്യത്തിന് വെള്ളമെത്തുമോയെന്ന ആശങ്കയുണ്ട്.