കൊച്ചി: എറണാകുളം നോർത്ത് പ്രദേശത്ത് ജനങ്ങൾക്ക് ഭീഷണിയായി വിലസുന്ന സാമൂഹ്യവിരുദ്ധരെ അമർച്ച ചെയ്യാൻ പൊലീസ് നടപടികളെടുക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ. കഴിഞ്ഞ ദിവസം റയിൽവേ സ്റ്റേഷനു മുന്നിലെ ഹോട്ടലിൽ കാഷ്‌ കൗണ്ടറിലിരുന്ന ഹോട്ടലുടമയെ സാമൂഹ്യവിരുദ്ധർ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. കൂടാതെ ഹോട്ടലിനു മുന്നിൽ ഒരാളെ കുത്തിക്കൊലപ്പെടുത്തിയ സംഭവവുമുണ്ടായി.

പരിസരത്തെ വഴിവിളക്കുകളും കത്തുന്നില്ല. നോർത്ത് റയിൽവേസ്റ്റേഷൻ പരിസരത്ത് പൊലീസ് പെട്രോളിംഗ് കർശനമാക്കണം. വഴിവിളക്കുകൾ കത്തുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്നും ജില്ലാ പ്രസിഡന്റ് ടി.ജെ. മനോഹരനും ജില്ലാ സെക്രട്ടറി കെ.ടി. റഹീമും ആവശ്യപ്പെട്ടു.