കൊച്ചി: സേനാവിഭാഗങ്ങളിൽ അച്ചടക്കം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സേനാംഗങ്ങളെ സ്ഥലംമാറ്റാനാവുമെന്നും ഇതിൽ അപാകതയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സി.ഐ.എസ്.എഫിൽ എ.എസ്.ഐയായ എറണാകുളം സ്വദേശി ദിവ്യമോളെ സ്ഥലം മാറ്റിയ നടപടി ശരിവച്ച് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊച്ചിൻ ബി.പി.സി.എൽ യൂണിറ്റിൽനിന്ന് ആന്ധ്രയിലെ നർസാപ്പൂരിലെ ഒ.എൻ.ജി.സിയിലെ യൂണിറ്റിലേക്ക് സ്ഥലം മാറ്റിയതിനെതിരെ നൽകിയ അപ്പീൽ തള്ളിയാണ് ഹൈക്കോടതി വിധിപറഞ്ഞത്. നേരത്തെ സിംഗിൾബെഞ്ചും സ്ഥലംമാറ്റം ശരിവച്ചിരുന്നു.
തൊഴിലിടത്ത് മോശമായി പെരുമാറിയെന്നാരോപിച്ച് ശിക്ഷാ നടപടിയുടെ ഭാഗമായാണ് തന്നെ സ്ഥലം മാറ്റുന്നതെന്ന് ഹർജിക്കാരി ആരോപിച്ചിരുന്നു. എന്നാൽ ഇത്തരത്തിൽ സ്ഥലം മാറ്റുന്നതിൽ അപാകതയില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഹർജിക്കാരി ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ നിരന്തരം ലംഘിച്ചിരുന്നെന്നും അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിച്ചിരുന്നെന്നും ഹൈക്കോടതി വിലയിരുത്തി. 13 വർഷമായി ഹർജിക്കാരി കൊച്ചിയിൽത്തന്നെ ജോലിനോക്കുന്നു. സ്ഥലംമാറ്റ ഉത്തരവുകളെ പല കാരണങ്ങൾ ചൂണ്ടിക്കാട്ടി നിരന്തരം കോടതിയിൽ ചോദ്യംചെയ്യുകയായിരുന്നെന്നും ഹൈക്കോടതി വിലയിരുത്തി.
മതിയായ കാരണമുണ്ടെങ്കിൽ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ അധികൃതർക്ക് അധികാരമുണ്ടെന്നും ഇതു സേവനത്തിന്റെ ഭാഗമായി കാണണമെന്നും സി.ഐ.എസ്.എഫിനുവേണ്ടി ഹാജരായ അസി. സോളിസിറ്റർ ജനറൽ വിശദീകരിച്ചു. തുടർന്നാണ് സ്ഥലംമാറ്റ ഉത്തരവ് ഹൈക്കോടതി ശരിവച്ചത്.