chumathala
കൊടുങ്ങല്ലൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്ററായി ഹരി വിജയൻ ചുമതലയേൽക്കുന്നു

കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയന്റെ അഡ്മിനിസ്‌ട്രേറ്ററായി ഹരി വിജയൻ ചുമതലയേറ്റു. ഇന്നലെ രാവിലെ യൂണിയൻ ഓഫീസിൽ എത്തിയാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. നിലവിൽ പറവൂർ യൂണിയൻ സെക്രട്ടറിയും, വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനവും, കൂടാതെ സാമൂഹിക രംഗത്തെ നിറസാന്നിദ്ധ്യവുമാണ് അദ്ദേഹം.

യോഗം കൗൺസിലർ ബേബിറാം, കൊടുങ്ങല്ലൂർ യൂണിയൻ ഭാരവാഹികളായിരുന്ന ഉമേഷ് ചള്ളിയിൽ, പി.കെ. രവീന്ദ്രൻ, ജയലക്ഷ്മി എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ, പറവൂർ യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ ഡി. ബാബു, യോഗം ബോർഡ് അംഗങ്ങളായ ഡിൽഷൻ കോട്ടേക്കാട്ട്, വിക്രമാദിത്യൻ, കൊടുങ്ങല്ലൂർ യൂണിയൻ കൗൺസിലർമാരായിരുന്ന തിലകൻ, കെ.ജി. ഉണ്ണിക്കൃഷ്ണൻ, അരുൺ, യൂത്ത് മൂവ്‌മെന്റ് ജില്ലാ ചെയർമാൻ ദിനിൽ മാധവ്, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് സുജിത്ത്, സൈബർ സേന ജില്ലാ ചെയർമാൻ ഹരിശങ്കർ പുല്ലാനി, യൂത്ത് മൂവ്‌മെന്റ് മുൻ പ്രസിഡന്റ് ശിവജി നെടുമുറി, പറവൂർ യൂണിയൻ കൗൺസിലർമാരായ ഡി. പ്രസന്നകുമാർ, കണ്ണൻ കൂട്ടുകാട്, യൂത്ത് മൂവ്‌മെന്റ് എറണാകുളം ജില്ലാ പ്രസിഡന്റ് പ്രവീൺ തങ്കപ്പൻ എന്നിവർ സന്നിഹിതരായി.

ശ്രീനാരായണ ഗുരുദേവന്റെ ജയന്തി ദിനാഘോഷം വിപുലമായി നടത്തുവാനും ഇതിനായുള്ള മുന്നൊരുക്കങ്ങൾ എല്ലാ ശാഖാതലങ്ങളിലും ഉടൻ പൂർത്തിയാക്കുവാനും ഇതുവഴി ശാഖകൾക്കും, യൂണിയനും പോഷക സംഘടനകൾക്കും പുത്തൻ ഉണർവ്വേകുവാൻ കഴിയുമെന്നും കൊടുങ്ങല്ലൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്ററായി ചാർജെടുത്ത ശേഷം ഹരി വിജയൻ പറഞ്ഞു.