കുറുപ്പംപടി : പെരുമ്പാവൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് അവഗണനയിൽ. സ്കൂളിലെ കളിസ്ഥലം കാടുകയറി പാഴ് വസ്തുക്കൾ നിക്ഷേപിക്കുന്ന സ്ഥലമായി മാറി.

ക്രിക്കറ്റ് താരം ബേസിൽ തമ്പി, ദ്രോണാചാര്യ പുരസ്കാര ജേതാവ് ടി.പി. ഔസേപ്പ് തുടങ്ങി നിരവധി കായിക താരങ്ങൾ പരിശീലിച്ചിരുന്ന കളിക്കളമാണ് അധികൃതരുടെ അനാസ്ഥയിൽ നശിക്കുന്നത്.
നിലവിൽ ഗ്രൗണ്ടിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. ഗ്രൗണ്ടിന്ചുറ്റും ഒരാൾ പൊക്കത്തിൽ കാടുപിടിച്ചുകഴി‌ഞ്ഞു. വശങ്ങളിലും ഉൾഭാഗത്തേക്കും ആളുകൾ കിറ്റുകളിലാക്കിയ മാലിന്യം വലിച്ചെറിയുകയും ചെയ്യുന്നു. പെരുമ്പാവൂരും പരിസരപ്രദേശങ്ങളിലുമുള്ള നൂറ് കണക്കിനുപേർ രാവിലെയും വൈകിട്ടും നടക്കുന്നതിനും വ്യായാമത്തിനും ഈ കളിക്കളം ഉപയോഗിച്ചിരുന്നു.

പെരുമ്പാവൂർ നഗരസഭയുടെ പരിധിയിൽ വരുന്ന ഗ്രൗണ്ട് സംരക്ഷിക്കുന്നതിന് ചുറ്റുമതിൽ പൂർണ്ണമായും കെട്ടി ഉയർത്തണമെന്നാണ് കായിക പ്രേമികളുടെ ആവശ്യം.