തൃക്കാക്കര: സംരംഭക ബാങ്ക് വായ്പാമേള നടത്തിപ്പിനെ ചൊല്ലി തൃക്കാക്കരയിൽ യു.ഡി.എഫിൽ കലഹം. വ്യവസായ വാണിജ്യ വകുപ്പും തൃക്കാക്കര നഗരസഭയും ചേർന്ന് ഇന്നലെ വായ്പമേള സംഘടിപ്പിച്ചിരുന്നു. നഗരസഭാ ചെയർപേഴ്സനും വൈസ് ചെയർമാനും ചേർന്ന് വായ്പമേളയുടെ നടത്തിപ്പ് ഏറ്റെടുത്തെന്ന് ആരോപണവുമായി വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ സ്മിത സണ്ണി, വ്യവസായ വികസന സമിതി കൺവീനറായ സജിന അക്ബർ എന്നിവർ പരാതിയുമായി രംഗത്തെത്തി. ഇരുവരും പരിപാടിയിൽ പങ്കെടുക്കാതെ പ്രതിഷേധിച്ച് മാറിനിന്നു.

തൃക്കാക്കര നഗരസഭയുടെ കമ്മ്യൂണിറ്റി ഹാളിൽ നിന്ന് പരിപാടി ജില്ലാ പഞ്ചായത്ത് ഹാളിലേക്ക് മാറ്റിയതിനെയും ഇരുവരും എതിർത്തു. കഴിഞ്ഞദിവസം സ്വകാര്യ തൊഴിൽ മേളയ്ക്ക് നഗരസഭയുടെ ലോഗോ ഉപയോഗിച്ചത് മൂലം പരിപാടി ഉദ്ഘാടനം ചെയ്യാതെ നഗരസഭ ചെയർപേഴ്സൺ വിട്ടു നിന്നതും പകരം വൈസ് ചെയർമാൻ പരിപാടി ഉദ്ഘാടനം ചെയ്തതും വിവാദത്തിലായിരുന്നു.