കൊച്ചി: തൃക്കാക്കര എൻ.ജി.ഒ ക്വാർട്ടേഴ്‌സ് ജംഗ്ഷന് സമീപം കെ.എം.ആർ.എല്ലിന് കൈമാറിയ ഭൂമിയിൽനിന്ന് മാലിന്യങ്ങൾ നീക്കംചെയ്ത് സ്ഥലം വൃത്തിയാക്കാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. മാലിന്യം നിഷേപിക്കുന്നവർക്കെതിരെ രാത്രികാല പരിശോധനകൾ നടത്തി ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

ഇതുസംബന്ധിച്ച് കളക്ടറിൽനിന്ന് കമ്മീഷൻ റിപ്പോർട്ട് വാങ്ങി. തൃക്കാക്കര നഗരസഭാ പരിധിയിലെ 26, 27 ഡിവിഷനുകളിലായി സ്ഥിതിചെയ്യുന്ന എൻ.ജി.ഒ ക്വാർട്ടേഴ്‌സ് റോഡിന് ഇരുവശത്തുമായി വൻതോതിൽ മാലിന്യം നിക്ഷേപിക്കുന്നുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. നിലവിലുള്ള മാലിന്യം നഗരസഭാ ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് നീക്കംചെയ്ത് സ്ഥലം വൃത്തിയാക്കിയിട്ടുണ്ടെന്നും രാത്രികാല പരിശോധനകളിൽ ഇവിടം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും നിരന്തരം മാലിന്യങ്ങൾ നിഷേപിക്കുന്ന സ്ഥലങ്ങളിൽ കാമറകൾ സ്ഥാപിക്കാൻ നടപടിയെടുത്തിട്ടുണ്ടെന്നും തൃക്കാക്കര നഗരസഭാ സെക്രട്ടറി അറിയിച്ചതായി ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു. എന്നാൽ ഇപ്പോഴും വൻതോതിൽ മാലിന്യം നിക്ഷേപിക്കുന്നുണ്ടെന്ന് തൃക്കാക്കര സത്യസായി സേവാസമിതി കൺവീനർ കമ്മീഷനെ അറിയിച്ചു.