
ഗായിക മണി
ഷണ്മുഖത്തിന് ഇന്ന് സപ്തതി
കുമ്പളങ്ങി: കുമ്പളങ്ങിയുടെ സ്വന്തം ഗായിക മണി ഷണ്മുഖം സപ്തതി നിറവിൽ. നാടക, റേഡിയോ ഗാനങ്ങളിലൂടെ ശ്രദ്ധേയായ മണി മൂന്നാം ക്ളാസിൽ പഠിക്കവേ 1960ൽ കെ.ആർ.ഗൗരിഅമ്മയുടെ എരമല്ലൂരിലെ സ്വീകരണയോഗത്തിൽ ഗാനമാലപിച്ചാണ് സംഗീത രംഗത്തേക്ക് വരുന്നത്. വൈക്കം മാളവിക, കൊല്ലം ഉപാസന, ചങ്ങനാശേരി ഗീഥ, എറണാകുളം ദൃശ്യകലാഞ്ജലി തുടങ്ങിയ നാടക സമിതികളിൽ ഗായികയായിരുന്നു.
കേരള നാടക അക്കാഡമി ഗുരുപൂജ അവാർഡ്, തിരുവനന്തപുരം ടാസ് അവാർഡ്, വിക്രം സാരാഭായ് അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 2012ൽ അംബേദ്കർ നാഷണൽ ഫെലോഷിപ്പിനും അർഹയായി. തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നിന്ന് സംഗീത ഭൂഷണം ഡിഗ്രിയെടുത്ത ശേഷം പൂർണ സമയം സംഗീതത്തിലേക്ക് തിരിഞ്ഞു. ആർ.എൽ.വിിൽ നെയ്യാറ്റിൻകര വാസുദേവൻ, പാറശാല ബി. പൊന്നമ്മാൾ തുടങ്ങിയ പ്രഗത്ഭരുടെ ശിഷ്യയായിരുന്നു. പഠനകാലത്തും ശേഷവും അരൂർ, എരമല്ലൂർ, പള്ളുരുത്തി മേഖലകളിലെ ഗാനമേള സ്റ്റേജുകളിൽ പതിവ് സാന്നിദ്ധ്യമായി.
ഇതിനിടെ വിദ്യാഭ്യാസ വകുപ്പിൽ സംഗീതാദ്ധ്യാപികയായി. കോതമംഗലം മാരമംഗലം സ്കൂളിലായിരുന്നു ആദ്യ നിയമനം. പിന്നീട് 22 വർഷം സൗത്ത് വാഴക്കുളം ഗവ.ഹൈസ്കൂളിലും രണ്ട് വർഷത്തോളം മരട് മാങ്കായിൽ സ്കൂളിലും ജോലി ചെയ്താണ് വിരമിച്ചത്. രണ്ട് പതിറ്റാണ്ട് ആൾ ഇന്ത്യാ റേഡിയോയിലും പാടി.
അദ്ധ്യാപകജോലിയിൽ നിന്ന് വിരമിച്ചെങ്കിലുംഇപ്പോഴും ഗാനമേളകളിൽ സജീവമാണ് മണി ഷണ്മുഖം. വലിയ ശിഷ്യ സമ്പത്തിനും ഉടമയാണ്. റിട്ട.എൽ.ഐ.സി ഉദ്യോഗസ്ഥനായ ഷണ്മുഖനാണ് ഭർത്താവ്. മകൾ ആതിര കൊച്ചിൻ കോളേജിൽ അദ്ധ്യാപികയാണ്. മരുമകൻ രാജേഷ് (എൽ.ഐ.സി). സപ്തതി ആഘോഷം ഇന്ന് മണി ഷണ്മുഖത്തിന്റെ സപ്തതി ആഘോഷം ഇന്ന് വൈകിട്ട് മൂന്നിന് കുമ്പളങ്ങി നോർത്ത് ഇടക്കാട്ട് ഹാളിൽ കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യും.
പള്ളുരുത്തി ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി പനയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. സിനിമാതാരം പൗളി വത്സൻ, കാഥികൻ എറണാകുളം പൊന്നൻ, ഗായകൻ അഭിജിത്ത് കൊല്ലം, മുൻ എം.എൽ.എ ജോൺ ഫെർണാണ്ടസ്, പി.എ. പീറ്റർ, പി.സി. കുഞ്ഞുകുഞ്ഞ്, പി.ടി. ബാബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് കലാവിരുന്നും അരങ്ങേറും.